അര്‍ദ്ധസൈനികരുടെ കാന്റീനുകളില്‍ ഇനി മുതല്‍ സ്വദേശി ഉല്പ്പന്നങ്ങള്‍ മാത്രം

single-img
1 June 2020

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉല്പ്പന്നങ്ങള്‍ ആഭ്യന്തര മന്ത്രാലയം നീക്കം ചെയ്തു. മുൻപ് ഇവിടെ നിന്നും ലഭ്യമായിരുന്ന മൈക്രോവേവ് ഓവനുകള്‍, പാദരക്ഷകള്‍ എന്നിവയുള്‍പ്പെടെയാണ് ഇപ്പോൾ നീക്കം ചെയ്തത്.

കേന്ദ്ര സായുധ പോലീസ് സേനയുടെ രാജ്യത്തെ എല്ലാ കാന്റീനുകളിലും ജൂണ്‍ ഒന്ന് മുതല്‍ തദ്ദേശീയ ഉല്പ്പന്നങ്ങള്‍ മാത്രമായിരിക്കും വില്‍ക്കുകയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ നീക്കം. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി, എന്എസ്ജി, അസം റൈഫിള്‍സ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന പത്ത് ലക്ഷത്തോളം പേരുടെ 50 ലക്ഷം കുടുംബാംഗങ്ങളാണ് ഇവയുടെ ഗുണഭോക്താക്കള്‍.

കേന്ദ്രആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനത്തിന് അനുസൃതമായി, സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ ജൂണ്‍ ഒന്ന് മുതല്‍ സായുധ പോലീസ് സേന കാന്റീനുകള്‍ വഴി വില്‍ക്കുകയുള്ളൂയെന്ന് അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് അയച്ച കത്തില്‍ കെപികെബി പറഞ്ഞു. നിലവിൽ ലഭ്യമായ എല്ലാ ഉല്പ്പന്നങ്ങളെയും മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചു.

അവയുടെ കാറ്റഗറി 1-ല്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച ഉല്പ്പന്നങ്ങളാണുള്ളത്. രണ്ടാമതായി കാറ്റഗറി 2-ല്‍ അസംസ്‌കൃത വസ്തുക്കള് ഇറക്കുമതി ചെയ്തതും എന്നാല് ഇന്ത്യയില്‍ ഉല്പാദിപ്പിച്ചതോ കൂട്ടിച്ചേര്‍ത്തതോ ആയ ഉല്പ്പന്നങ്ങളാണുള്ളത്. എന്നാൽ കാറ്റഗറി 3-ല്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത ഉല്പ്പന്നങ്ങളും. കാറ്റഗറി 1, കാറ്റഗറി 2 എന്നിവയ്ക്ക് കീഴിലുള്ള ഉല്പ്പന്നങ്ങള്‍ മാത്രമേ വില്പനയ്ക്ക് അനുവദിക്കൂ. കാറ്റഗറി 3-ന് കീഴിലുള്ള ഉല്പ്പന്നങ്ങള്‍ മുതല്‍ ഡി- ലിസ്റ്റ് ചെയ്യപ്പെടും.