ജന്മനാട്ടിലേക്ക് മടങ്ങാന്‍ അതിഥി തൊഴിലാളി ബൈക്ക് മോഷ്ടിച്ചു; നാട്ടിലെത്തി രണ്ടാഴ്ചയ്ക്ക് ശേഷം ഉടമക്ക് ബൈക്ക് പാര്‍സലയച്ച് നല്‍കി

single-img
1 June 2020

സംഭവം സത്യമാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ഒരു ചായക്കടയിലെ തൊഴിലാളി ബൈക്ക് മോഷ്ടിച്ചുകൊണ്ടാണ് ലോക്ക് ഡൌണ്‍ സമയം ആയതിനാല്‍ തന്റെ നാട്ടിലേക്ക് മടങ്ങിയത്. ഇയാള്‍ക്ക് തന്റെ കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായി സുരേഷ് കുമാർ എന്നയാളുടെ ബൈക്കാണ് മോഷ്ടിച്ചത്.

നാട്ടില്‍ എത്തി രണ്ട് ആഴ്ചയ്ക്ക് ശേഷം തൊഴിലാളി ഉടമക്ക് ബൈക്ക് പാര്‍സലയച്ച് കൊടുക്കുകയും ചെയ്തു. കോയമ്പത്തൂരിലെ ഒരു പ്രാദേശിക പാര്‍സല്‍ കമ്പനി തങ്ങളുടെ ഓഫീസിലേക്ക് വരാൻ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു. അവര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് അവിടെ എത്തിയപ്പോള്‍ രണ്ടാഴ്ച മുമ്പ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്ക് ഈ പാര്‍സല്‍ കമ്പനിയുടെ ഗോഡൗണില്‍ കിടക്കുന്നതാണ് ഉടമ കണ്ടത്.

ഒടുവില്‍ നടത്തിയ അന്വേഷണങ്ങൾക്ക് അവസാനം സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രദേശത്തെ ചായക്കടയിൽ ജോലി ചെയ്യുന്ന യുവാവാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായി. പക്ഷെ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കാൻ സുരേഷ്കുമാർ തയാറായില്ല. പണം നല്‍കി സ്വീകരിക്കേണ്ട ഡെലിവറി വഴിയാണ് ബൈക്ക് പാര്‍സലയച്ചത്.അതിനാല്‍ സ്വന്തം വാഹനം തിരിച്ചുകിട്ടാന്‍ സുരേഷിന് ആയിരം രൂപ പാര്‍സല്‍ ചാര്‍ജ് കൊടുക്കേണ്ടി വന്നു.