അദ്ദേഹം ഇങ്ങനെയായിപ്പോയി, അത് നിങ്ങളെങ്കിലും മനസിലാക്കണം; പ്രതിപക്ഷ നേതാവിനെ കുറിച്ച് മുഖ്യമന്ത്രി

single-img
1 June 2020

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം പൊങ്ങച്ചം പറച്ചിലും പി ആര്‍ വര്‍ക്കുമാണെന്ന പ്രതിപക്ഷ ആരോപണത്തെ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരണവുമായി മുഖ്യമന്ത്രി. കേരളത്തിന്റെ പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും പറയുന്നത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ബഡായി പറച്ചിലാണ് എന്ന ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകന് മുഖ്യമന്ത്രി മറുപടി നൽകുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ:

“അവർ രണ്ട് പേരെയും കുറിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കണം എന്ന് നിങ്ങള്‍ നിര്‍ബന്ധമുണ്ടല്ലേ. ഞാന്‍ എന്താണ് പറയുന്നതെന്ന കാര്യം നിത്യമായി നിങ്ങള്‍ മാത്രമല്ല നിങ്ങളിലൂടെ ഈ നാടും കേട്ട് കൊണ്ടിരിക്കുകയാണ്. ഏത് ബഡായിയാണ് ഞാന്‍ പറയുന്നതെന്ന് നിങ്ങള്‍ നോക്കണം. ബഡായി എന്ന് പറഞ്ഞാല്‍ പൊങ്ങച്ചം. സ്വയം പരിഹാസ്യമായി ഇറങ്ങിപ്പുറപ്പെട്ടാല്‍ പിന്നെ എനിക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയില്ല. നിങ്ങൾ അത് മനസിലാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ കാര്യത്തില്‍ ചോദ്യങ്ങള്‍ ചോദിക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.

ഒരു സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ഒരു കാര്യം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോട് ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. എന്നാൽ നമ്മുടെ അദ്ദേഹം ഇങ്ങനെയായിപ്പോയി. അത് നിങ്ങളെങ്കിലും മനസിലാക്കണം എന്നെ എനിക്ക് നിങ്ങളോട് പറയാനുള്ളൂ”