മെയ് 14ന് ഉത്രയുടെ വീട്ടിൽ സൂരജും അമ്മയും ചേർന്നു നടത്തിയ നാടകം: അഞ്ചൽ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു

single-img
31 May 2020

ഉത്രയുടെ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഉത്രയുടെ അച്ഛനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കാൻ സൂരജ് മുമ്പ് ശ്രമിച്ചിരുന്നുവെന്ന വിവരമാണ് പുറത്തു വന്നത്. തൻ്റെ അമ്മയെ കെട്ടിയിട്ടെന്നും മർദ്ദിച്ചെന്നുമായിരുന്നു പരാതി.

കൊലപാതകം മൂടിവയ്ക്കാനും സ്ത്രീധനമായി ലഭിച്ച സ്വർണാഭരണങ്ങൾ തിരികെ നൽകാതിരിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

മേയ് 14ന് വൈകിട്ട് ഉത്ര വിവാഹത്തിനണിഞ്ഞ 98 പവന്റെ ആഭരണങ്ങൾ മടക്കിനൽകണമെന്ന് അഞ്ചലിലെ വീട്ടിൽ വച്ച് സൂരജിനോടും അമ്മ രേണുകയോടും ഉത്രയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സാദ്ധ്യമല്ലെന്ന് പറഞ്ഞ് ഇരുവരും വഴക്കുണ്ടാക്കി. ഇതിനിടെ മോഹാലസ്യപ്പെട്ടത് പോലെ രേണുക വീഴുകയായിരുന്നു. ഉത്രയുടെ അച്ഛനും സഹോദരനും സൂരജും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ട് വീട്ടിലേക്ക് പോകാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും അഡ്മിറ്റ് ചെയ്യണമെന്ന് സൂരജ് വാശിപിടിക്കുകയായിരുന്നു. 

സാദ്ധ്യമല്ലെന്ന് ഡോക്ടർ അറിയിച്ചപ്പോൾ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യണമെന്നായി. ഇതിനും ഡോക്ടർ തയ്യാറായില്ല. ഇതിനിടെ, രേണുകയെ ഉത്രയുടെ വീട്ടിൽ കെട്ടിയിട്ടിരിക്കുന്നതായി സൂരജ് അടൂരിലെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. ഏഴംഗ സംഘം ജീപ്പിൽ ഉത്രയുടെ വീട്ടിലെത്തിയപ്പോൾ സൂരജ് പറഞ്ഞത് കളവെന്ന് മനസിലായി. തുടർന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ സൂരജിന്റെ നിർദ്ദേശ പ്രകാരം ഡോക്ടറെ കണ്ട് ഡിസ്ചാർജ് ചെയ്യരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. 

ആരുടെയോ നിർദ്ദേശം ഫോണിലൂടെ സൂരജിന് ലഭിച്ചത് പ്രകാരമായിരുന്നു ആശുപത്രിയിലെ നാടകമെന്നാണ് ഉത്രയുടെ ബന്ധുക്കൾ വെളിപ്പെടുത്തുന്നത്. ഇതിനുശേഷമാണ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരൻ വിഷുവിനും ജോലിക്കാരനുമെതിരെ അഞ്ചൽ പൊലീസിൽ സൂരജ് പരാതി നൽകിയത്. അന്ന് പൊലീസ് ഉത്രയുടെ വീട്ടിലും ആശുപത്രിയിലും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. 

ഉത്ര കൊലക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘവും ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.