ഓൺലെെൻ ക്ലാസുകൾ നാളെ മുതൽ തുടങ്ങാനിരിക്കേ വിക്ടേഴ്സ് ചാനൽ ലഭ്യമാക്കാതെ സൺ ഡയറക്ട് ഉൾപ്പെടെയുള്ള മുൻനിര ഡിടിഎച്ച് കമ്പനികൾ: ബഹിഷ്കകരണ ആഹ്വാനമുയർത്തി രക്ഷിതാക്കൾ

single-img
31 May 2020

കൊറോണ വെെറസ് ഭീതിയെ തുടർന്ന് സ്കൂളുകൾ നാളെ തുറക്കേണ്ടെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചുവെങ്കിലും  ക്ലാസുകൾ ഓൺലെെനായി നൽകുവാൻ വിദ്യമാഭ്യാസ വകുപ്പ് തയ്യാറെടുത്തു കഴിഞ്ഞു. നാളെ മുതൽ രാവിലെ 8.30 മുതൽ  വൈകുന്നേരം 5.30വരെ വിവിധ സമയങ്ങളിലായി ഒന്നുമുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ആരംഭിക്കുകയാണ്. സംസ്ഥാന സർക്കാരിൻ്റെ വിദ്യാഭ്യാസ ചാനലായ കെെറ്റ് വിക്ടേഴ്സ് വഴിയാണ് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുന്നത്. എന്നാൽ കേരളത്തിൽ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സംവിധാനത്തിൽ ഈ ചാനൽ ലഭിക്കുന്നില്ല. 

മുൻനിര ഡിടിഎച്ച് കമ്പനികൾക്ക് ജൂൺ ഒന്നിനു മുൻപ് ചാനൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാർച്ച് മാസത്തിൽ തന്നെ സംസ്ഥാന സർക്കാർ കത്ത് നൽകിയിരുന്നു. മാത്രമല്ല ഇത്തരത്തില്‍ നിര്‍ദേശം ഡി.ടി.എച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രി കത്തയച്ചിരുന്നു. ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായിട്ടും ഡിടിഎച്ച് കമ്പനികൾ ഇതുവരെയും ചാനൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയിട്ടില്ല. 

നിലവിൽ വീഡിയോകോൺ ഡിടുഎച്ചിലും ഡിഷ് ടിവിയിലും മാത്രമാണ് വിക്ടേഴ്സ് ചാനൽ ലഭിക്കുന്നത്. എന്നാൽ കേരളത്തിലെ ഭൂരിപക്ഷം ടിവി പ്രേക്ഷകരും സൺ നെറ്റ് വർക്കിൻ്റെ കീഴിലുള്ള സൺ ഡിടിഎച്ചാണ് ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ ചാനൽ ലഭ്യമാക്കുന്നതിന് യാതൊരു നടപടിയും ഇവർ കൈക്കൊണ്ടിട്ടില്ല. ക്ലാസുകൾ നാളെ ആരംഭിക്കാനിരിക്കെ രക്ഷിതാക്കൾ ഇൻറർനെറ്റ് സംവിധാനങ്ങളെ ആ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ്. 

ടിവി വഴി ചാനൽ ലഭിക്കുന്നില്ലെങ്കിൽ മൊബൈൽ ഫോൺ മാത്രമാണ് സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയം. പല രക്ഷകർത്താക്കളും പകൽ സമയങ്ങളിൽ ജോലിക്കോ മറ്റോ വീടിനു പുറത്തു പോകുന്നവരായിരിക്കും. അങ്ങനെയുള്ള കുട്ടികൾക്ക് രക്ഷകർത്താക്കളും മടങ്ങി വരുന്നതുവരെ ക്ലാസുകളിൽ പങ്കെടുക്കുവാൻ കഴിയില്ല. ഈ ഒരു ഈ സാഹചര്യത്തിൽ കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്തിലാകുന്നത്. 

വിക്ടേഴ്സ് ചാനൽ ലഭ്യമാകാത്തത് ഡിടിഎച്ച് കമ്പനികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ഉയർന്നു കഴിഞ്ഞു. വിദ്യാർഥികളുടെ ഭാവിയെ മുൻനിർത്തി വീട്ടിൽ ഉപയോഗിക്കുന്ന ഡിടിഎച്ച്- കേബിൾ സംവിധാനങ്ങളിലെല്ലാം വിക്ടേഴ്സ് ചാനലിലെ ലഭ്യമാക്കണമെന്നാണ് രക്ഷകർത്താക്കൾ ആവശ്യപ്പെടുന്നത്. അതിന് അവർ തയ്യാറല്ലെങ്കിൽ സൺ ഡയറക്ട് പോലുള്ള മുൻനിര ഡിടിഎച്ച് കമ്പനികളെ ഒഴിവാക്കി വിക്ടേഴ്സ് ചാനൽ ലഭിക്കുന്ന മറ്റു ഡിടിഎച്ചുകളിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ് രക്ഷകർത്താക്കൾ.