ഓന്തിനെ പോലെ തന്നെ നിറം മാറാൻ സാധിക്കുന്ന അപൂവ്വയിനം മത്സ്യത്തെ കണ്ടെത്തി ഗവേഷകര്‍

single-img
31 May 2020

കരയില്‍ സാധാരണയായി കണ്ടുവരുന്ന ഓന്തിനെ പോലെ നിറം മാറാൻ സാാധിക്കുന്ന അപൂവ്വയിനം മത്സ്യത്തെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ. തമിഴ്‌നാട്ടിലെ സേതുകരൈ തീരത്താണ് സ്‌കോർപിയോൺ മത്സ്യ വിഭാഗത്തിൽ പെട്ട വളെര അപൂർവമായ ‘ബാൻഡ്‌ടെയിൽ സ്‌കോർപിയോൺ’ മത്സ്യം കണ്ടുപിടിക്കപ്പെട്ടത്. രാജ്യത്ത് നിന്ന് ഇതാദ്യമായാണ് ഈ മീനിനെ ജീവനോടെ ലഭിക്കുന്നത്.

കടൽപുല്ലുകളെ സംബന്ധിച്ച പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെയുള്ള ഗവേഷണ സഞ്ചാരത്തിനിടെയാണ് മത്സ്യത്തെ കണ്ടൈടുത്തത്. വളരെയധികം സവിശേഷതകളുള്ള ഈ മീൻ ഇരകളെ പിടിക്കുന്നതിനും ശത്രുക്കളിൽ നിന്ന് രക്ഷ നേടാനുമാണ് സാധാരണയായി നിറം മാറുന്നത്.

ശരീരത്തിലെ നട്ടെല്ലിൽ ശക്തിയേറിയ വിഷമുള്ളത് കാരണമാണ് ഈ വിഭാഗത്തെ പൊതുവായി സ്‌കോർപിയോൺ മത്സ്യം എന്ന് വിളിക്കുന്നത്. അതിനാല്‍ തന്നെ ഇവയെ സ്പർശിക്കുന്നതും അടുത്തു പെരുമാറുന്നതും അപകടമാണ്. പ്രത്യേകമായുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ മീനിനെ പിടിച്ചത്.

ആദ്യ കാഴ്ചയില്‍ പവിഴതണ്ട് പോലെ തോന്നുമെങ്കിലും ഇരയെപിടിക്കുന്നതിനും ശത്രുക്കളിൽ നിന്ന് രക്ഷനേടുന്നതിനുമായി ഇവ നിറം മാറും. നിലവില്‍ സിഎംഎഫ്ആർഐയിലെ ശസ്ത്രജ്ഞർ കണ്ടെത്തിയ മത്സ്യം ആദ്യം വെള്ളനിറത്തിലായിരുന്നെങ്കിലും പെട്ടെന്ന് കറുപ്പ് നിറമാവുകയും പിന്നീട് മഞ്ഞനിറമാവുകയും ചെയ്യുകയായിരുന്നു.