ഇന്ത്യയിൽ ഇതിനോടകം സമൂഹവ്യാപനം നടന്നു കഴിഞ്ഞു; കൊവിഡിനെ തുടച്ചുനീക്കാമെന്നത് സാങ്കല്‍പ്പികം മാത്രം: ആരോഗ്യ വിദഗ്ദർ

single-img
31 May 2020

ഇന്ത്യയിൽ കൊവിഡ് വ്യാപനം ഓരോ ദിവസവും രൂക്ഷമാകുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിനെതിരെ ആരോഗ്യവിദഗ്ധര്‍ രംഗത്ത്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമിയോളജിസ്റ്റ്‌സ്, ഐ.സി.എം.എറിലെ വിദഗ്ധര്‍ എന്നിവരാണ് സര്‍ക്കാരിനെതിരെ എത്തിയത്.

ഇന്ത്യയുടെ പലഭാഗങ്ങളിലും ഇതിനോടകം സമൂഹവ്യാപനം നടന്നുകഴിഞ്ഞ സ്ഥിതിയ്ക്ക് ഈ ഘട്ടത്തില്‍ കൊവിഡിനെ തുടച്ചുനീക്കാമെന്നത് സാങ്കല്‍പ്പികം മാത്രമാണ് എന്ന് ഇവര്‍ പറയുന്നു.

ഈ വര്‍ഷം മാര്‍ച്ച് 25 മുതല്‍ മേയ് 31 വരെയുള്ള ലോക്ക് ഡൗണ്‍ തീരുമാനം മികച്ച ഒന്നായിരുന്നു എങ്കിലുംഇപ്പോഴും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണെന്നും അവര്‍ പറയുന്നു. ഡോ. ശശികാന്ത് (പ്രൊഫ.& ഹെഡ്, സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ എയിംസ്), ഡോ. ഡി.സി.എസ് റെഡ്ഡി( മുന്‍ പ്രൊഫ & ഹെഡ് കമ്മ്യൂണിറ്റി മെഡിസിന്‍ ബി.എച്ച്.യു) എന്നിവരും പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.

ഇവര്‍ രണ്ടുപേരും കൊവിഡ് 19 മഹാമാരിയ്‌ക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഐസിഎംആറിലെ പ്രധാന ഡോക്ടര്‍മാരാണ്. ഇന്ത്യയില്‍ കഴിഞ്ഞ ശനിയാഴ്ച മാത്രം കൊവിഡ് പോസിറ്റീവായത് 8380 പേരാണ്. 8000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് ഇന്ത്യയില്‍ ഒറ്റദിവസം രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായായിരുന്നു. അതോടുകൂടി ആകെ രോഗികളുടെ എണ്ണം 1,82,143 ആയി. ഇന്നലെ മാത്രം 193 പേര്‍ മരിച്ചതോടെ മരണസംഖ്യ 5000 കടന്നു. 5164 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.