രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട ആക്രമണം; അസമില്‍ 23കാരനായ യുവാവ് മരിച്ചു

single-img
31 May 2020

അസമില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. 23 വയസുള്ള ദേബാശിഷ് ഗൊഗോയ് ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ആദിത്യ ദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഗബോരു പാര്‍ബട്ടിലെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രം സന്ദര്‍ശിച്ച് മടങ്ങി വരികവെ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മരിയാനി നഗരത്തിന് സമീപത്തുവെച്ച് രണ്ടു സ്ത്രീകളുടെ മേല്‍ തട്ടിയിരുന്നു.

ഈ അപകടത്തില്‍ സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നില്ല. പക്ഷെ സംഭവം നടന്നതോടെ അമ്പതോളം ആളുകള്‍ കൂടി സ്‌കൂട്ടറിലുണ്ടായിരുന്ന ഇരുവരെയും വളയുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികളില്‍ ഒരാള്‍ അറിയിച്ചു. തുടര്‍ന്ന് വിവരം അറിഞ്ഞ് ദേബാശിഷിന്റെ പിതാവും സഹോദരിയും സ്ഥലത്തെത്തി ആള്‍ക്കൂട്ടത്തിനോട് സംസാരിച്ചെങ്കിലും ഇവരെ വെറുതെവിടാന്‍ ആള്‍ക്കൂട്ടം തയാറായില്ല.

ശേഷം ആള്‍ക്കൂട്ടം ആക്രമം അവസാനിപ്പിച്ചതോടെ ഇരുവരെയും ദേബാശിഷിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പക്ഷെ ആശുപത്രിയിലെത്തും മുന്നേ ദേബാശിഷ് മരിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തതായും കേസ് അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.