ലോക്ക്ഡൗൺ കാരണം കുടുംബം പോറ്റാനാവുന്നില്ല; യുപിയില്‍ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

single-img
30 May 2020

രാജ്യത്ത് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിലനിൽക്കുന്നതിനാൽ കുടുംബം പോറ്റാനാവാതെ യുപിയിൽ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. കിഴക്കന്‍ യുപിയിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ റെയില്‍ പാതയിലാണ് ഭാനു പ്രകാശ് ഗുപ്ത(50)യുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ സമീപത്തുള്ള ഷാജഹാന്‍പൂര്‍ ജില്ലയിലെ ഒരു ഹോട്ടലിലാണ് ഗുപ്ത ജോലി ചെയ്തിരുന്നത്.

ഇദ്ദേഹത്തിന്റെ നാല് മക്കളും ഭാര്യയും രോഗിയായ അമ്മയും ഗുപ്തയുടെ മാത്രം വരുമാനത്തിലാണ് ജീവിച്ചത്. പക്ഷെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഗുപ്തയ്ക്ക് തൊഴില്‍ ഇല്ലാതായി. ഈ സങ്കടത്താലാണ് ഭാനു പ്രകാശ് ഗുപ്ത തീവണ്ടിപ്പാളയത്തില്‍ ജീവന്‍ അവസാനിപ്പിച്ചത്.

മൃതദേഹത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ലോക്ക്ഡൗണിനെ ഗുപ്ത വിമര്‍ശിക്കുന്നുണ്ട്. എന്നാൽ സര്‍ക്കാര്‍ നൽകുന്ന റേഷനു നന്ദി പറയുന്ന അദ്ദേഹം വീട്ടില്‍ ഗോതമ്പും അരിയും ഉണ്ടായിരുന്നെങ്കിലും അത് കുടുംബത്തിന് അപര്യാപ്തമാണെന്ന് കുറിപ്പില്‍ പറയുന്നു. ഇതിനെല്ലാം പുറമെ മറ്റ് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ തന്റെ കൈയില്‍ പണമില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

വീട്ടിലുള്ള തന്റെ വൃദ്ധയായ അമ്മയ്ക്ക് അസുഖമുണ്ടായിരുന്നു. ഇപ്പോൾ അവരെ ചികില്‍സിക്കാനാവുന്നില്ല. ഈ കാര്യം ഏറെ വേദനിപ്പിച്ചു. ഇതിനായിജില്ലാ ഭരണകൂടം തന്നെ സഹായിച്ചില്ലെന്നും ഗുപ്തയുടെ കുറിപ്പിലുണ്ട്. മരണ വിവരം അറിഞ്ഞതിനെ തുടർന്ന് യുപി സര്‍ക്കാര്‍ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.