തിരുവനന്തപുരം എസ്എപി ക്യാമ്പിൽ ഡിജിപിയുടെ ഉത്തരവ് വകവെയ്ക്കാതെ സീനിയോറിറ്റി മറികടന്ന് ഫാമിലി ക്വാർട്ടേഴ്സ് അലോട്ട്മെന്റ്

single-img
30 May 2020

തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിൽ ഡിജിപിയുടെ ഉത്തരവ് വകവെയ്ക്കാതെ സീനിയോറിറ്റി മറികടന്ന് ഫാമിലി ക്വാർട്ടേഴ്സ് അലോട്ട് ചെയ്യുന്നതായി പരാതി. പൊലീസുകാർക്ക് കുടുംബമായി താമസിക്കുന്നതിനുള്ള ഫ്ലാറ്റ് ക്വാർട്ടേഴ്സ് സീനിയോറിറ്റി മാനദണ്ഡങ്ങൾ ലംഘിച്ച് ചിലർക്ക് അലോട്ട് ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്.

ക്വാർട്ടേഴ്സിൽ താമസിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥർ ക്വാർട്ടേഴ്സ് ഒഴിഞ്ഞതിന് ശേഷമാണ് സാധാരണഗതിയിൽ അവ മറ്റുള്ള ഉദ്യോഗസ്ഥർക്ക് അലോട്ട് ചെയ്യുക. എന്നാൽ ഇത്തവണ ക്വാർട്ടേഴ്സ് ഒഴിയുന്നതിന് മുന്നേ തന്നെ ചിലർക്ക് അലോട്ട് ചെയ്ത് നൽകിയതായാണ് ആക്ഷേപം.

80 ഫ്ലാറ്റുകളാണ് അടിസ്ഥാന പോലീസ് വിഭാഗത്തിനായി ഉള്ളത്. അതിൽ കൂടുതലും ഓഫീസർമാരാണ് ഉപയോഗിച്ചു വരുന്നത്. അവർ റിട്ടയർ ചെയ്യുന്ന മുറയ്ക്ക് മാത്രമേ പോലീസുകാർക്ക് ഫ്ലാറ്റുകൾ കിട്ടാറുള്ളൂ. ഒരു യൂണിറ്റിന് അനുവദിച്ച കോർട്ടേഴ്‌സുകൾ മറ്റു യൂണിറ്റുകളിൽ ഉള്ളവർക്ക് നൽകാൻ പാടില്ല എന്ന കോർട്ടേഴ്‌സ് അനുവദിക്കുന്നതിനുള്ള ഗവർമെന്റ് ഉത്തരവ് നിലനിൽക്കെയാണ് അത് മറികടന്ന് കോർട്ടേഴ്‌സുകൾ നൽകുന്നത്. ഉന്നത ഉദ്യോഗസ്ഥരോട് അടുപ്പം പുലർത്തുന്നവർക്ക് ഇത്തരത്തിൽ കോർട്ടേഴ്‌സുകൾ അനുവദിക്കുന്നത് കാരണം അർഹതഹപ്പെട്ടവർക്ക് ലഭിക്കാതെ പോകുന്നു. അതിനു പുറമെയാണ് സീനിയോറിറ്റി മറികടന്ന് കോർട്ടേഴ്‌സുകൾ അനുവദിക്കുന്നത്.

എസ്എപിയിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്ന ഒരു വനിതയ്ക്ക് ഫാമിലി ക്വാർട്ടേഴ്സ് അനുവദിച്ചത് സീനിയോറ്റ്റിയിൽ അവർക്ക് മുകളിലുള്ള 17 പേരെ മറികടന്നാണ്. ഇത്തരത്തിൽ സീനിയോറിറ്റി മറികടന്ന് നിരവധിപേർക്ക് ക്വാർട്ടേഴ്സ് അനുവദിച്ചതായാണ് ആരോപണം. സീനിയോറിറ്റി പ്രകാരം മാത്രമേ ക്വാർട്ടേഴ്സ് അനുവദിക്കാൻ പാടുള്ളൂ എന്ന സംസ്ഥാന പൊലീസ് മേധാവിയുടെ 2016-ലെ ഉത്തരവ് കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഈ അലോട്ട്മെന്റുകൾ എന്ന് കാണിച്ച് അർഹരായ ചിലർ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുമുണ്ട്.