ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നോ ‘ഹിന്ദുസ്ഥാന്‍’ എന്നോ ആക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

single-img
30 May 2020

ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നോ ‘ഹിന്ദുസ്ഥാന്‍’ എന്നോ ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഡല്‍ഹി സ്വദേശി സമര്‍പ്പിച്ച ഈ ഹര്‍ജി സുപ്രീം കോടതി ജൂണ്‍ രണ്ടിന് പരിഗണിക്കും. ‘നമ്മുടെ രാജ്യത്തിന്റെ ദേശീയതയുടെ അഭിമാനം വര്‍ദ്ധിപ്പിക്കാന്‍’ ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ‘ഇന്ത്യ’ എന്ന് പറഞ്ഞിട്ടുള്ള രാജ്യത്തിന്റെ പേര് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ ഭേദഗതി വരുത്തണമെന്നാണ് ആവശ്യം.

സുപ്രീംകോടതിയുടെ മുന്നില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആദ്യം ഈ ഹര്‍ജി പരിഗണനക്കെത്തിയത്. പക്ഷെ അന്നേദിവസം ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഹാജരല്ലാത്തതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഈ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ജൂണ്‍ രണ്ടിന് പരിഗണിക്കുമെന്ന അറിയിപ്പ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ വരികയായിരുന്നു. ഇന്ത്യയുടെ കൊളോണിയല്‍ ഭൂതകാലം തൂത്തെറിയാന്‍ ഈ ഭേദഗതി സഹായിക്കുമെന്നാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തുന്ന പ്രധാന വാദം.

അതേപോലെ തന്നെ രാജ്യത്തിന്റെ ഇപ്പോഴുള്ള ഇംഗ്ലീഷ് നാമം മാറ്റുന്നത് ഭാവി തലമുറയുടെ ദേശാഭിമാനം വര്‍ദ്ധിപ്പിക്കുമെന്നും സ്വാതന്ത്ര്യ സമര സേനാനികളായ പൂര്‍വികര്‍ക്ക് നല്‍കുന്ന നീതിയാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്ക് തദ്ദേശീയമായ പേര് നല്‍കുന്ന ഈ കാലഘട്ടത്തില്‍ രാജ്യവും ശരിയായ പേരിലേക്ക് മടങ്ങണമെന്നാണ് ആവശ്യം.