രോഗികളുടെ എണ്ണത്തിൽ തുർക്കിയേയും മരണത്തിൽ ചൈനയെയും മറികടന്ന് ഇന്ത്യ: ലോക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് പോയേക്കും

single-img
30 May 2020

നാലാംഘട്ട ലോക് ഡൗൺ നാളെ അവസാനിക്കാനിരിക്കെ രാജ്യത്ത് കോവിഡ് പ്രതിസന്ധി വർദ്ധിക്കുന്നു. കൊവിഡ് കേസുകളുടെ എണ്ണത്തിൽ തുർക്കിയെയും മരണത്തിൽ ചൈനയെയും മറികടന്നത് രാജ്യത്ത് രോഗവ്യാപനം രൂക്ഷമാകുന്നതിന്റെ തെളിവാണെന്നാണ് വിലയിരുത്തൽ.  ഈ സാഹചര്യത്തിൽ ലോക്ഡൗൺ നീട്ടാനുള്ള പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിൽ ഉണ്ടായേക്കുമെന്നാണ് സുചനകൾ. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്ക് ഡൗൺ നീട്ടുന്നതും ഇളവുകളും സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ് നടത്തിയിരുന്നു.നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കരുതെന്നും എന്നാൽ കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ഇളവുകൾ വേണമെന്നും മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. അമിത് ഷാ ഈ ആവശ്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു കഴിഞ്ഞു. 

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇളവുകൾ അടങ്ങിയ പുതിയ മാർഗരേഖ കേന്ദ്രം പുറത്തുവിടും.മുമ്പുള്ള ഘട്ടങ്ങളിൽ ലോക്ക് ഡൗൺ തീരും മുൻപ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളുടെ നിലപാടുകൾ ആരാഞ്ഞ ശേഷം പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചർച്ച നടത്തി ധാരണയുണ്ടാക്കുകയായിരുന്നു. ഇക്കുറി കാബിനറ്റ് സെക്രട്ടറിയുടെ ചർച്ചയ്ക്കു ശേഷം സംസ്ഥാനങ്ങളുമായി അമിത് ഷാ നേരിട്ട് ചർച്ച നടത്തുകയായിരുന്നു.

രാജ്യത്തെ കൊവിഡ് കേസുകളിൽ 70 ശതമാനത്തിലധികവും റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്‌ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലെ പതിമൂന്ന് നഗരങ്ങളിൽ മാത്രമായി ലോക്ക് ഡൗൺ തുടരുമെന്നും മറ്റിടങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നുമാണ് സൂചനകൾ പുറത്തു വരുന്നത്.