കേരളത്തില്‍ സ്‍കൂളുകള്‍ ജൂൺ ഒന്നിന് തുറക്കില്ല; ഓൺ ലൈൻ ക്ലാസുകൾ തുടങ്ങുന്നതിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

single-img
29 May 2020

സ്കൂളുകൾ തുറക്കുന്നതിൽ കേന്ദ്ര നിലപാട് കാത്തിരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതോടെ കേരളത്തിൽ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല എന്ന കാര്യത്തിൽ തീരുമാനമായി. അതേസമയം സർക്കാരിന്റെ കീഴിലുള്ള വിക്ടേഴ്‍സ് ചാനൽ വഴി തിങ്കളാഴ്ച മുതൽ ഓൺ ലൈൻ ക്ലാസുകൾ തുടങ്ങുന്നതിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.

ജൂൺ ആദ്യം മുതൽ അധ്യാപകർ സ്കൂളിലെത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും സ്കൂൾ തുറന്നശേഷം മാത്രം എത്തിയാൽ മതിയെന്നാണ് ഇപ്പോഴുള്ള തീരുമാനം. അടുത്തമാസം ഒന്നാം തിയതി മുതൽ തന്നെ ഫസ്റ്റ് ബെൽ എന്ന പേരിൽ വിക്ടേഴ്സ ചാനലും ചാനലിന്‍റെ വെബ് സൈറ്റും വഴി ഓൺലൈൻ ക്ലാസ് തുടങ്ങും. രാവിലെ എട്ടര മുതൽ വൈകുന്നേരം അഞ്ചര മണിവരെയുള്ള സമയത്താണ് വിവിധ ക്ലാസുകളിലേക്കുള്ള കുട്ടികൾക്കുള്ള അധ്യയനം നടക്കുന്നത്.

പന്ത്രണ്ടാം ക്ലാസിലെ വിഷയമായിരിക്കും രാവിലെ എട്ടരമുതൽ പത്തരവരെ. സ്‌കൂൾ തലത്തിൽ ഒന്നാം ക്ലാസ് പത്തര മുതൽ അര മണിക്കൂർ. പത്താം ക്ലാസിലെ കുട്ടികൾക്ക് 11 മണിക്കാണ് ക്ലാസ്. എല്ലാ ക്ലാസും പുനസംപ്രേക്ഷണം ചെയ്യും. ടി വിയും ഫോണും ഇല്ലാത്തവർക്ക് പ്രധാന അധ്യാപകർ ക്ലാസുകൾ ഉറപ്പാക്കണം എന്നതാണ് വ്യവസ്ഥ.

ക്ളാസുകൾക്കായി സമീപത്തെ വായനശാലകൾ ഉൾപ്പടെ ഉപയോഗിക്കാം. ഓരോ ദിവസത്തെയും ഓൺലൈൻ ക്ലാസിന് ശേഷവും അധ്യാപകർ അതാത് ക്ലാസുകളിലെ കുട്ടികളുമായി വാട്ട്‍സാപ്പ് ഗ്രൂപ്പ് വഴിയോ ഫോൺ വഴിയോ ചർച്ച ചെയ്യണം. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ രണ്ടാംഘട്ട മൂല്യനിർണ്ണയും ജൂൺ ഒന്നിന് തുടങ്ങും.