ഗുജറാത്തിലും മഹാരാഷ്ട്രയിലും രോഗവ്യാപനത്തിന് ശമനമില്ല

single-img
29 May 2020

ഇന്ത്യയിൽ കോവിഡ് കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രണ്ടു സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഇന്നും രോഗവ്യാപനത്തിന് ശമനമില്ല. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 2598 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 60,000ലേക്ക് അടുക്കുകയാണ്. 59,546പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.

1982 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഒരു ദിവസത്തിനിടെ 85പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെ 367 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഈ സമയപരിധിയില്‍ 22 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായതായും ഗുജറാത്ത് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതുവരെ 15,572പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 960 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.