എല്ലാം മുൻകൂട്ടിക്കണ്ട് പ്രതി സൂരജ്: പിടിയിലാകുന്നതിനു മുമ്പ് സൂരജ് വക്കീലുമായി കൂടിക്കാഴ്ച നടത്തി

single-img
28 May 2020

ഉത്ര കൊലക്കേസ് പ്രതി പിടിയിലാകുന്നതിനു മുമ്പ് സൂരജ് വ്യക്തമായ മുന്നൊരുക്കങ്ങളോടെയാണ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊലപാതക കേസില്‍ അറസ്റ്റ് മുൻകൂട്ടി കണ്ട് സൂരജ് അഡ്വക്കേറ്റിനെ കണ്ടിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടികാഴ്ച നടത്തിയിരുന്നു. കൂടിക്കാഴച നടത്തിയ ശേഷം വീട്ടില്‍ സൂരജ് വാഹനത്തില്‍ മടങ്ങുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു.

ഉത്ര കൊലപാതക കേസിൽ 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ താന്‍ പിടിയിലാകുമെന്ന് സൂരജിന് ബോധ്യമുണ്ടായിരുന്നു എന്നാണ് അനുമാനം. ഉത്രയ്ക്ക് പാമ്പ് കടിയേറ്റ മാർച്ച് രണ്ടിന് ബാങ്കിലെത്തി ലോക്കർ സൂരജ് തുറന്നിരുന്നുവെന്ന കാര്യം നേരത്തെ തന്നെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൂരജ് വിളിച്ച ഫോണ്‍ കോൾ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. 

ഇയാൾ ആരെയോക്കെയായി ബന്ധപ്പെട്ടിട്ടുണ്ട് എന്നറിയാനാണ് കോൾ വിവരങ്ങൾ ശേഖരിച്ചത്.സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അടൂരിലെ ദേശസാല്‍കൃത ബാങ്കിലെ ലോക്കറിൽ അന്വേഷണസംഘം വരും ദിവസം പരിശോധന നടത്തും.