പാർട്ടിയെ ചതിച്ചാൽ ദ്രോഹിക്കും: മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവർക്ക് സ്വീകരണം നൽകി പികെ ശശി

single-img
28 May 2020

പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കുമെന്നും ചതിച്ചിട്ട് പോയാല്‍ ദ്രോഹിക്കുമെന്നതുമാണ് പാര്‍ട്ടിനയമെന്ന് സിപിഎം എംഎല്‍എ പികെ ശശി. കരിമ്പുഴയില്‍ നിന്ന് മുസ്ലീംലീഗില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നവരെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് ജനങ്ങളെക്കൂട്ടി സ്വീകരണം സംഘടിപ്പിച്ചതെന്നുള്ളത് വിവാദമായിട്ടുണ്ട്. 

പാര്‍ട്ടിയെ വിശ്വസിച്ച് കൂടെ വന്നാല്‍ പൂര്‍ണസഹകരണം കിട്ടും. ആവശ്യമായ സഹായവും സുരക്ഷിതത്വവും നല്‍കും. പാര്‍ട്ടിയെ വിശ്വസിച്ച് വന്നാല്‍ സഹായിക്കും ചതിച്ചാല്‍ ദ്രോഹിക്കുമെന്നതാണ് പാര്‍ട്ടി നയമെന്ന് ശശി പറഞ്ഞു. കരിമ്പുഴ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് അംഗവും മുസ്ലീം ലീഗ് പ്രവര്‍ത്തകരുമാണ് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നത്. 

സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ചായിരുന്നു സ്വീകരണം. പ്രാദേശിക നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എംഎല്‍എ പരിപാടിക്കെത്തിയത്. നിരോധാനജ്ഞ നിലനില്‍ക്കെ 20 ലധികം ആളുകളെ സംഘടിപ്പിച്ച് പ്രവര്‍ത്തനം നടത്തിയതിന് വിമര്‍ശനം ശക്തമാണ്.

പാലക്കാട് സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ രോഗികള്‍ ഉള്ള ജില്ലയാണ് പാലക്കാട്. അതുകൊണ്ട് തന്നെ ഉത്തരവാദിത്വപ്പെട്ടയാള്‍ തന്നെ നിരോധനാജ്ഞ ലംഘിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നാണ് വിമര്‍ശനം.