മാതൃഭൂമി എംഡി എം പി വീരേന്ദ്രകുമാർ അന്തരിച്ചു

single-img
28 May 2020

രാജ്യസഭ അംഗവും മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി ദിനപത്രത്തിന്റെ എംഡിയുമായ എം പി വീരേന്ദ്രകുമാർ അന്തരിച്ചു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.  83 വയസായിരുന്നു.

ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. 1987-ൽ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായെങ്കിലും 48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു.

സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന്‌ കല്പറ്റയിലാണ് അദ്ദേഹംജനിച്ചത്. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കിയ ഇദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.