കിംസിലെ രോഗിയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതം; ഏതന്വേഷണത്തിനും തയ്യാറെന്ന് ആശുപത്രി അധികൃതർ

single-img
28 May 2020

തിരുവനന്തപുരം: കിംസ് ആശുപത്രിയിലെ രോഗിയുടെ അപ്രതീക്ഷിതമരണത്തെ സംബന്ധിച്ച് ചില ഓൺലൈൻ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ആശുപത്രി അധികൃതർ. കിംസ് ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രോഗിയുടെ വാരിയെല്ലുകൾക്ക് ക്ഷതമുണ്ടെന്ന് കണ്ടതായിരുന്നു ചില മാധ്യമങ്ങളിൽ വാർത്തയായത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയ്ക്ക് ഹൃദയാഘാതം സംഭവിച്ചപ്പോൾ ഡൊക്ടർമാർ നൽകിയ ഹൃദയ-ശ്വാസകോശ പുനരുജ്ജീവന ക്രിയ അഥവാ സിപിആർ (Cardiopulmonary resuscitation) മൂലമാണ് വാരിയെല്ലുകൾക്ക് ക്ഷതം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

രോഗികൾക്ക് ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ ജീവൻ തിരികെ പിടിക്കാൻ നീണ്ട നേരം സി‌പി‌ആർ നൽകേണ്ടതായി വരാറുണ്ടെന്നും ഈ ഘട്ടത്തിൽ അതിശക്തിയായി നെഞ്ചിൽ അമർത്തുന്നത് മൂലം വാരിയെല്ലുകൾക്ക് തകരാറുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദരും അഭിപ്രായപ്പെടുന്നുണ്ട്. ജീവൻ രക്ഷിക്കുക എന്നത് പ്രാഥമിക ലക്ഷ്യമായതിനാൽ ഇത്തരം ക്ഷതങ്ങളേക്കാൾ ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുന്നതിനാണ് ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടർമാർ മുൻഗണന നൽകുക. അതിനാൽ രോഗിയുടെ വാരിയെല്ലിന്റെ ക്ഷതം ഉയർത്തിക്കാട്ടിയുള്ള മാധ്യമവാർത്തകൾ അശാസ്ത്രീയവും അടിസ്ഥാനരഹിതവുമാണെന്ന് കിംസ് ആശുപത്രി അധികൃതർ പറയുന്നു.

ഇരു വൃക്കയിലും ഉള്ള കല്ലുകളുടെ ചികിത്സക്കായി ആണ് 2019 ൽ രോഗി കിംസിൽ എത്തിയത്. അവ നീക്കം ചെയ്യുന്നതിനായി പല ഘട്ടങ്ങളിൽ ആയി ഉള്ള ചികിത്സാ ക്രമം ഡോക്ടർമാർ ശുപാർശ ചെയ്തു. അതനുസരിച്ച്, ജനുവരി അവസാന വാരത്തിൽ രോഗി സ്റ്റെന്റിംഗിന് വിധേയമായി.

തുടർന്ന്, ഫെബ്രുവരി 11 ന് ഇടത് വൃക്കയിലെ കല്ല് പൂർണ്ണമായും നീക്കം ചെയ്യുകയും വലത് വൃക്കയിലെ കല്ല് 80% നീക്കുകയും ചെയ്തു. തുടർന്ന് ഉള്ള കല്ലുകൾ മാറുവാൻ ഡോക്ടർ രണ്ടാഴ്ചത്തെ മെഡിക്കൽ മാനേജ്മെന്റ് നിർദേശിക്കുകയും ചെയ്തു.
എന്നൽ രോഗിക്ക് വിദേശത്തുള്ള ജോലിക്ക് ഉടനെ തന്നെ തിരികെ കയറേണ്ടിയിരുന്നതിനാൽ രോഗിയും കുടുംബവും ബാക്കി ഉള്ള 20% കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ വേണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് വലത് വൃക്കയിലെ 20% കല്ല് നീക്കം ചെയ്യുന്നതിനായി ഫെബ്രുവരി 20 ന് രോഗി ആശുപത്രിയിൽ എത്തുകയും ചെയ്തു.

ശസ്ത്രക്രിയയുടെ ഭാഗമായി നടത്തേണ്ട എല്ലാ നിർബന്ധിത പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് രോഗിയെ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കിയതെന്ന് ആശുപത്രി അധികൃതർ അവകാശപ്പെടുന്നു. ശസ്ത്രക്രിയ പൂർത്തിയാകുന്ന സമയത്ത് രോഗിക്ക് ഹൃദയാഘാതം സംഭവിക്കുകയും ഡോക്ടർമാരുടെ ഒരു പാനൽ സി‌പി‌ആറും മറ്റ് അടിയന്തിര പരിചരണങ്ങളും നൽകി രോഗിയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ രോഗിയുടെ നില വഷളാവുകയും രാത്രിയിൽ രോഗിയുടെ മരണം സംഭവിക്കുകയും ചെയ്യുകയായിരുന്നു.

ആശുപത്രി അധികൃതർ രോഗിയുടെ കുടുംബത്തോട് വിശദമായി സംസാരിക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. അതിനൊപ്പം തന്നെ രോഗിയുടെ ചികിത്സാ റിപ്പോർട്ടുകളും മറ്റും അന്വേഷണ ആവശ്യങ്ങൾക്കായി നൽകി ആശുപത്രി അധികൃതർ പൂർണ്ണമായും സഹകരിക്കുകയും ചെയ്തുവരികയാണെന്നും കിംസ് ആശുപത്രിയുടെ പത്രക്കുറിപ്പ് പറയുന്നു.

ചികിത്സയിൽ എന്തെങ്കിലും പിഴവ് ഉള്ളതായി ഒരു അധികാരസ്ഥാനത്തിൽ നിന്നും ഇതുവരെയും ഒരു തീർപ്പും ഉണ്ടായിട്ടില്ല. അന്വേഷണത്തിൽ ഉള്ള ഒരു മെഡിക്കൽ വിഷയത്തിൽ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ജനങ്ങൾക്കിടയിൽ സ്ഥാപനത്തിന്റെ സൽപ്പേര് മനഃപൂർവം കളങ്കപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരിക്കാമെന്നും ആശുപത്രി അധികൃതർ ആരോപിക്കുന്നു.