ലഡാക്കിൽ സംഘർഷാവസ്ഥ രൂക്ഷം: ഇരുവശത്തും നിലയുറപ്പിച്ച് ആയിരത്തിലധികം സൈനികർ

single-img
28 May 2020

ലഡാക് മേഖലയിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ചൈനീസ് സൈന്യം അംഗബലം വർദ്ധിപ്പിച്ചതിന് പിന്നാലെ ഇന്ത്യയും സേനാവിന്യാസം ശക്തമാക്കുകയായിരുന്നു. ഇരുവശത്തും ആയിരത്തിലധികം സൈനികർ മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

കരസേനാ മേധാവി ജനറൽ എം.എം. നാരാവനെയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ഡൽഹിയിൽ ആരംഭിച്ച ആർമി കമാൻഡർമാരുടെ സമ്മേളനം ചൈനീസ് അതിർത്തിയിലെ സംഘർഷം വിലയിരുത്തി. ലേ അടങ്ങിയ വടക്കൻ മേഖലയുടെ ചുമതലയുള്ള ലഫ്. ജനറൽ വൈ.കെ. ജോഷി വിശദമായ റിപ്പോർട്ട് നൽകി.

ലഡാക്ക് മേഖലയിൽ തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓൾഡിയിലെ സൈനിക പോസ്റ്റിന് സമീപമാണ് കൂടുതൽ സൈനികരെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. കാരക്കോറം ചുരത്തിലെ അവസാന സൈനിക പോസ്റ്റാണ് ഇവിടം.പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ സൈന്യം ചൈനീസ് അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കിയെന്ന റിപ്പോർട്ട് വന്നത്. ലഡാക്കിൽ ചൈന 5,000 സൈനികരെ വിന്യസിച്ചിരിക്കുന്നത്. 

ഈ മേഖലയിൽ ഇന്ത്യ നിർമ്മിക്കുന്ന ദർബുക്-ഷൈക്- ദൗലത് ബേഗ് ഓൾഡി റോഡ് നിർമ്മാണം തടയാനാണ് ചൈനയുടെ ശ്രമം. ഇന്ത്യയ്ക്ക് സൈനികമായി മേൽകൈ നൽകുന്ന റോഡാണിത്.

അതേസമയം,​ ഇന്ത്യ – ചൈന അതിർത്തി തർക്കം പരിഹരിക്കാൻ മദ്ധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം. ട്വിറ്ററിലൂടെയുള്ള ട്രംപിന്റെ നിർദ്ദേശത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. കാശ്മീർ തർക്കത്തിൽ മദ്ധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ നിർദ്ദേശം ഇന്ത്യ നിരസിച്ചിരുന്നു.

എന്നാൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും തർക്കം ചർച്ചയിലൂടെ പരിഹരിക്കാമെന്നും ചൈനീസ് സൈനിക വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. യുദ്ധസജ്ജമാകാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് കഴിഞ്ഞ ദിവസം സൈന്യത്തെ ആഹ്വാനം ചെയ്‌തിരുന്നു.