ബെവ് ക്യൂ ആപ്പിന്റെ ട്രയല്‍ റണ്‍ ; രണ്ട് മിനിറ്റില്‍ നടന്നത് 20,000 ത്തില്‍ കൂടുതല്‍ ഡൗണ്‍ലോഡുകള്‍

single-img
27 May 2020

ബിവറേജ് തിരക്ക് ഒഴിവാക്കാനായി സര്‍ക്കാര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായുള്ള ബെവ് ക്യൂ ആപ്പ് ട്രയല്‍ റണ്‍ നടത്തി. രണ്ട് മിനിറ്റില്‍ ഏകദേശം 20,000 ത്തിലധികം ഡൗണ്‍ലോഡുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉണ്ടായത്. ആപ്പിന്റെ സേവനം ഇന്ന് ഉച്ചയോടെ പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയായ ഫെയര്‍കോഡ് ടെക്‌നോളജീസ് വികസിപ്പിച്ച ബെവ് ക്യൂ ആപ്പിന് ഇന്നലെയാണ് ഗൂഗിള്‍ അനുമതി ലഭിച്ചത് . നിലവില്‍ വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ് ക്യൂ ആപ്പിന്റെ ബീറ്റാ വേര്‍ഷനാണ് അനുമതി ലഭിച്ചത്. ഈ ആപ്പ് ഉപയോഗിച്ച് ഇന്ന് മുതല്‍ മദ്യം ബുക്ക് ചെയ്യാനാകും.

ഓണ്‍ ലൈനില്‍ ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് ഈ വരുന്ന വ്യാഴാഴ്ച മുതലാണ് മദ്യം വാങ്ങിക്കാനാകുക. ഓണ്‍ ലൈന്‍ ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം എന്നതാണ് വ്യവസ്ഥ. അവിടെനിന്നും ആളുകള്‍ക്ക് ബ്രാന്‍ഡ് തെരഞ്ഞെടുത്ത് പണം അടച്ച് മദ്യം വാങ്ങിക്കാവുന്നതാണ്. ഒരാള്‍ക്ക് ഒരു തവണ ബുക്ക് ചെയ്താല്‍ നാല് ദിവസം കഴിഞ്ഞുമാത്രമെ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. അതേസമയം പരമാവധി മൂന്ന് ലിറ്റര്‍ വരെ മദ്യം വാങ്ങാനാകും.