പ്രവാസികൾ അവിടെക്കിടന്നു മരിക്കും: സംസ്ഥാന സർക്കാരിനെതിരെ കുഞ്ഞാലിക്കുട്ടി

single-img
27 May 2020

പ്രവാസികളുടെ ക്വാറന്റൈനിന് പണം ചോദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണവും ജനങ്ങളുടെ സംഭാവനയും പിന്നെയെന്തിനാണ്. പ്രവാസികള്‍ ആരും വരാതാവുമെന്നും അവിടെ കിടന്ന് മരിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗള്‍ഫ് നാടുകളില്‍ നിന്ന് വിമാനടിക്കറ്റിന് പണം പിരിച്ചുവരുന്നവര്‍ എങ്ങനെ ക്വാറന്റൈന് പണം നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. ക്വാറന്റൈന്‍ ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന പ്രസ്താവന പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പുപറണയണമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് പറഞ്ഞു.  പ്രവാസികളുടെ രക്തവും വിയര്‍പ്പുംകൊണ്ടാണ് ഇന്നത്ത കേരളം കെട്ടിപ്പടുത്തതെന്ന സത്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

ലോകകേരളസഭയ്ക്കും ഹെലികോപ്റ്ററിനും പിആര്‍എജന്‍സിക്കും കോടികള്‍ ചെലവഴിക്കാന്‍ സര്‍ക്കാരിന് മടിയില്ലെന്നും കെസി ജോസഫ് പറഞ്ഞു. വിദേശത്ത് നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.