മദ്യത്തിന്പകരമായി ആളുകള്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നു; ചില്ലറ വില്‍പ്പന നിര്‍ത്തിവെച്ച് കെഎസ്ഡിപി

single-img
27 May 2020

ലോക്ക് ഡൌൺ കാരണം മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ മദ്യത്തിന് പകരമായി ചില ആളുകൾ സാനിറ്റൈസര്‍ ഉപയോഗിക്കുന്നെന്ന രീതിയിൽ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സാനിറ്റൈസറിന്റെ ചില്ലറ വില്‍പന സർക്കാർ സ്ഥാപനമായ കെഎസ്ഡിപി നിര്‍ത്തി. ഈ സഥാപനം കൊവിഡ് പ്രതിരോധത്തിനാണ് വളരെ കുറഞ്ഞ വിലയ്ക്ക് സാനിറ്റൈസര്‍ നിര്‍മ്മിച്ച് തുടങ്ങിയത്.

സര്‍ക്കാരിന്റെ ഓഫീസുകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് കെഎസ്ഡിപി മൊത്തമായി ഇത് നിലവിൽ വില്‍പന നടത്തുന്നുണ്ട്.ആദ്യ ഘട്ടത്തിൽ കമ്പനിയുടെ മുന്നിലെ കൗണ്ടര്‍ വഴിയും വില്‍പന ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് ആവശ്യക്കാര്‍ മാത്രമാണ് വാങ്ങിയിരുന്നതെങ്കില്‍ പിന്നീട് ചിലര്‍ ഇത് ലഹരി ഉപയോഗത്തിനും വാങ്ങാന്‍ ആരംഭിക്കുകയായിരുന്നു. കെഎസ്ഡിപി അര ലിറ്ററിന് 200 രൂപയ്ക്കാണ് വിറ്റിരുന്നത്.

ഇത്തരത്തിൽ വിൽക്കുന്ന അര ലീറ്റര്‍ സാനിറ്റൈസറില്‍ 375 മില്ലിയും അല്‍ക്കഹോളാണ്. കമ്പനി ഇതിനോടൊപ്പം ചേര്‍ക്കുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡും ഗ്ലിസറിനും മനുഷ്യന്റെ ശരീരത്തിനുള്ളില്‍ എത്തുന്നത് വളരെ ദോഷകരമാണ്.

ഇവ വാങ്ങുന്നവരിൽ ചിലർ ഫ്രീസറിന്റെ സഹായത്തോടെ ആല്‍ക്കഹോള്‍ വേര്‍തിരിച്ചെടുക്കുന്നതായും അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി തേടിയാണ് കമ്പനി റീട്ടെയില്‍ വില്‍പന നിര്‍ത്തിയത്.