അതിർത്തിയിൽ ഇന്ത്യ- ചെെന മുഖാമുഖം: യുദ്ധസജ്ജമായിരിക്കാൻ ചെെനീസ് സെെനികർക്ക് ചിൻപിങിൻ്റെ നിർദ്ദേശം

single-img
27 May 2020

ഇന്ത്യ- ചെെന അതിർത്തിയിൽ സംഘർഷ സാഹചര്യം. അതിർത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച് ചൈന നിലപാട് കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യയും സേനാസന്നാഹം ശക്തമാക്കി. കിഴക്കൻ ലഡാക്ക് അതിർത്തിയോടു ചേർന്നുള്ള പാംഗോങ് ട്സോ തടാകം, ഗാൽവൻ താഴ്‌വര, ഡെംചോക് എന്നിവിടങ്ങളിൽ ഇരു സേനകളും മുഖാമുഖം നിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 

സംഘർഷാവസ്ഥ അനുനിമിഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് ഉൾപ്പെടെ സേനാ മേധാവികളുമായും  ചർച്ച നടത്തി. കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ വിലയിരുത്തിയെന്നാണു സൂചനകൾ. എന്നാൽ, പോരാട്ടമികവു വർധിപ്പിക്കാനായി സേനയിലെ വികസന നടപടികളെക്കുറിച്ചു ചർച്ച ചെയ്യാൻ മുൻപേ നിശ്ചയിച്ച യോഗമാണു നടന്നതെന്ന നിലപാടിലാണു സേനാകേന്ദ്രങ്ങൾ. 

അതിനിടെ യുദ്ധ സജ്ജമായിരിക്കാനും പരിശീലനം ഊർജിതമാക്കാനും സേനയ്ക്കു നിർദേശം നൽകി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. പീപ്പിൾസ് ലിബറേഷൻ ആർമി പ്രതിനിധികളുടെ  യോഗത്തിൽ പങ്കെടുക്കുമ്പോഴാണു ചിൻപിങ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനിടെ, കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ കുടുങ്ങിയ ചൈനീസ് പൗരൻമാരെ നാട്ടിലെത്തിക്കാനും ചൈന നടപടിയാരംഭിച്ചു കഴിഞ്ഞു. 

ഡൽഹി, മുംബെെ,, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നു ഷാങ്ഹായിലേക്കു വിമാന സർവീസുകൾ നടത്താനാണ് നീക്കം. അതേസമയം . രോഗലക്ഷണങ്ങളുള്ളവരെ കൊണ്ടുപോകില്ലെന്നും സൂചനകൾ വരുന്നുണ്ട്.