ഇന്നുമുതൽ കർശന പരിശോധന: വാഹനങ്ങളില്‍ ആളു കൂടിയാല്‍ പെര്‍മിറ്റ് റദ്ദാക്കി ഡ്രെെവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

single-img
27 May 2020

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് ഇന്നു മുതല്‍ പരിശോധന കര്‍ക്കശമാക്കാനൊരുങ്ങി പൊലീസ്.  ക്വാറൈന്റൈന്‍ ലംഘനം പരിശോധിക്കാന്‍ മിന്നല്‍ പരിശോധന നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.ലോക്ക് ഡൗണ്‍ ഇളവുകള്‍ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് നടപടി. 

ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതായും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  ഇന്നലെ വ്യക്തമാക്കിയിരുന്നു. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പാസിൻ്റെ മറവില്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റും തൊഴിലാളികളെ ഉള്‍പ്പെടെ കേരളത്തിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും കുറുക്ക് വഴിയില്‍ ആളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

ഈ രീതിയിൽ സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുകയും 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമെന്ന്  മുഖ്യമന്ത്രി പറഞ്ഞു. വിവാഹങ്ങള്‍ക്ക് 50 പേരും മരണാനന്തരചടങ്ങുകള്‍ക്ക് 20 പേരും ആകാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ചടങ്ങുകള്‍ക്ക് പല തവണയായി കൂടുതല്‍ ആളെത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കര്‍ശന നിലപാട് വേണ്ടിവരുമെന്ന മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് കോവിഡ് നിലവില്‍ സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും അതിന്റെ വക്കിലാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ബസുകളിലും ബസ്സ്റ്റാന്‍ഡുകളിലും അനിയന്ത്രിതമായ തിരക്കുണ്ടാവുന്നു. ഓട്ടോറിക്ഷകളില്‍ നിശ്ചിത ആളുകളില്‍ കൂടുതല്‍ സഞ്ചരിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചു. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കും. െ്രെഡവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. തിരക്ക് ഒഴിവാക്കാന്‍ പൊലീസ് കര്‍ശനമായി ഇടപെടും. കടകളിലും ചന്തകളിലും വലിയ ആള്‍ക്കൂട്ടം ഉണ്ടാവുന്നു. ഈ രീതി തുടരാന്‍ പറ്റില്ലെന്നും ജാഗ്രതയില്‍ അയവ് വന്നുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു.