ബെവ് ക്യൂ ആപ്പ്: ഓരോ ടോക്കണിനും ഈടാക്കുന്ന 50 പൈസ ആര്‍ക്ക്?

single-img
27 May 2020

ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ഇ-ടോക്കണ്‍ ലഭ്യമാക്കുന്നതിന് ബാര്‍ ഉടമകളില്‍നിന്ന് 50 പൈസ വീതം ഈടാക്കി നല്‍കുമെന്ന ആരോപണത്തിൻ്റെ സത്യാവസ്ഥ എന്ത്? വിശദീകരണവുമായി ബിവറേജസ് കോര്‍പറേഷന്‍ രംഗത്ത്. 

കോര്‍പറേഷന്‍ വഴി നടപ്പാക്കുന്ന കേന്ദ്രീകൃത വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഉപയോഗത്തിനായി ബിവറേജസ് കോര്‍പറേഷനും ബാറുടമകളും മറ്റു ലൈസന്‍സികളുമായി ഒപ്പിട്ട അണ്ടര്‍ടേക്കിംഗിലെ നാലും അഞ്ചും ഖണ്ഡികകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്. ഈ തുക മൊബൈല്‍ ആപ്പ് വികസിപ്പിച്ച കമ്പനിക്കാണ് ലഭിക്കുന്നതെന്ന പ്രചാരണത്തിന് വസ്തുതകളുമായി ബന്ധമില്ല.

കോര്‍പറേഷന്‍ വഴി വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ കേരളത്തിലെ എല്ലാ ലൈസന്‍സികള്‍ക്കും മദ്യം വില്‍പന നടത്തുന്നതിനുള്ള ഇ-ടോക്കണ്‍ നല്‍കുന്നതിനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുഖേന നടപടിക്രമങ്ങള്‍ പാലിച്ച് തെരഞ്ഞെടുത്ത ഫെയര്‍കോഡ് ടെക്‌നോളജീസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വെര്‍ച്വല്‍ ക്യൂ വികസിപ്പിച്ചിട്ടുണ്ട്. ഈ മൊബൈല്‍ ആപ്പ് വികസിപ്പിക്കാന്‍ ഫെയര്‍കോഡിന് നല്‍കേണ്ട ഫീസ്, വെര്‍ച്വല്‍ ക്യൂ സംവിധാനം ഹോസ്റ്റ് ചെയ്തു നല്‍കുന്നതിന് സിഡിറ്റ് വഴി ലഭ്യമാക്കുന്ന ആമസോണ്‍ സെര്‍വര്‍ സ്‌പേസിന് മാസം തോറും നല്‍കേണ്ട വാടക, ഇതിലേക്ക് എസ്.എം.എസ് സംവിധാനം ലഭ്യമാക്കുന്നതിന് ഫെയര്‍കോഡ് വഴി ടെലികോം കമ്പനികള്‍ക്ക് നല്‍കേണ്ട നിരക്കുകള്‍, ബിവറേജസ് കോര്‍പറേഷന് സേവനങ്ങള്‍ക്കും മറ്റുമായി അധികമായി വരുന്ന ചെലവുകള്‍ എന്നിവ നിറവേറ്റാനാണ് ഒരു ടോക്കണ് 50 പൈസ വീതം ബാര്‍, ബിയര്‍വൈന്‍ പാര്‍ലര്‍ ലൈസന്‍സികളില്‍ നിന്ന് ഈടാക്കുന്നത്. ഈ തുക വിനിയോഗിക്കുന്നതിന്റെ വിശദാംശങ്ങള്‍ ചുവടെ:

ആപ്പ് വികസിപ്പിക്കുന്നതിനുള്ള ചെലവ്: 2,84,203 രൂപ ഒരു വര്‍ഷത്തേക്ക്.

എസ്.എം.എസ് സംവിധാനത്തിന് ഫെയര്‍കോഡിന് കേരളത്തിനുള്ളിലെ നിശ്ചിത മാസവാടക: 3000 രൂപ.

ആപ്പിന്റെ ഉപയോഗത്തിനായി (സിഡിറ്റ് വഴി) ആമസോണ്‍ ക്ലൗഡിന് നല്‍കേണ്ട മാസവാടക: ഉപയോഗം അനുസരിച്ച് അഞ്ചുലക്ഷം മുതല്‍ 10 ലക്ഷം രൂപ. ഒരു ടോക്കണില്‍ നിന്ന് 11 പൈസ.

എസ്.എം.എസ്/ക്യൂ ആര്‍ കോഡ് ചെലവ് ഓരോ ടോക്കണിനും: സ്മാര്‍ട്ട് ഫോണ്‍ വഴി 12 പൈസ, ഫീച്ചര്‍ ഫോണ്‍ വഴി 15 പൈസ. ഒരു ടോക്കണില്‍ നിന്ന് 15 പൈസ.

ഈ സംവിധാനം നടപ്പാക്കാന്‍ കോര്‍പറേഷന്റെ അധിക മാന്‍ പവര്‍/മറ്റു ചെലവുകള്‍: ഒരു ടോക്കണില്‍ നിന്ന് 24 പൈസ.

ഇത്തരത്തിലാണ് ടോക്കണ്‍ വഴി ഈടാക്കുന്ന 50 പൈസ വിനിയോഗിക്കുന്നത്.

വെര്‍ച്വല്‍ ക്യൂ സംവിധാനം ബിവറേജസ് കോര്‍പറേഷന്‍ നടപ്പാക്കുന്നതിനാല്‍ മേല്‍പ്പറഞ്ഞ തുക അതത് ഏജന്‍സികള്‍ക്ക് കോര്‍പറേഷന്‍ ആണ് ആദ്യം നല്‍കേണ്ടത്. ഈ സംവിധാനത്തിന്റെ പ്രയോജനം ബാര്‍,ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സികള്‍ക്കും ലഭ്യമാക്കുന്നതിനാല്‍ ചെലവിന്റെ ഒരു ഭാഗം അവരില്‍നിന്നും ഈടാക്കേണ്ടതുണ്ട്. ഇതിനാണ് ടോക്കണ്‍ ഒന്നിന് 50 പൈസ നിരക്കില്‍ ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും ബിവറേജസ് കോര്‍പറേഷന് നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചത്.

ഇത് ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് അണ്ടര്‍ടേക്കിംഗിലെ 4,5 ഖണ്ഡികകളില്‍ ഉള്ളത്. ഓരോ ടോക്കണും 50 പൈസ വീതമുള്ള തുക ബിവറേജസ് കോര്‍പറേഷനാണ് ലഭിക്കുക. 50 പൈസ വീതം ഈടാക്കി അതേപടി ഫെയര്‍കോഡിന് നല്‍കുമെന്ന് അണ്ടര്‍ടേക്കിംഗില്‍ ഒരിടത്തും പറയുന്നില്ലെന്നും ബിവറേജസ് കോര്‍പറേഷന്‍ വ്യക്തമാക്കുന്നുണ്ട്.