വിദേശത്ത് നിന്ന് കേരളത്തിൽ തിരികെ എത്തുന്നവർ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണം: മുഖ്യമന്ത്രി

single-img
26 May 2020

ഇനിമുതൽ വിദേശത്ത് നിന്ന് കേരളത്തിലേക്ക് തിരികെ എത്തുന്നവർക്ക് ക്വാറന്റീന്‍ സൗജന്യമല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്വാറന്റീന്‍ ചെയ്യാൻ ആവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ധാരാളം ആളുകൾ സംസ്ഥാനത്തേക്ക് തിരികെ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.

എന്നാൽ നിലവിൽ സംസ്ഥാനത്തെത്തി ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സർക്കാർ നിർദ്ദേശപ്രകാരമുള്ള നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയുന്നതിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്നാണ് സർക്കാർ അറിയിക്കുന്നത്.

കൊറോണ കാരണം തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് തിരികെ എത്തുന്നവർ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് വേണ്ടിവരുന്ന തുക എത്രയാണെന്ന് അറിയിക്കുമെന്നും അത് എല്ലാവരും നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്.

ഇവരിൽ ഗര്‍ഭിണികളടക്കം പ്രത്യേക സാഹചര്യമുള്ളവരെ മാത്രമാണ് വീടുകളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുന്നത്. നിലവിൽ സര്‍ക്കാര്‍ സജ്ജമാക്കിയ പ്രത്യേക കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസങ്ങളില്‍ ക്വാറന്റൈനില്‍ താമസിക്കുന്നതിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. അതേസമയം വിദേശത്ത് നിന്നെത്തുന്നവരെ സ്വന്തം ചെലവില്‍ തന്നെ ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നത്.