വാവസുരേഷിനെപ്പോലെ പ്രശസ്തനാകണമെന്നായിരുന്നു സുരേഷ് ആഗ്രഹിച്ചത്: സൂരജ് അതിനുള്ള വഴിയൊരുക്കിക്കൊടുത്തു

single-img
26 May 2020

പാമ്പു പിടുത്തക്കാരൻ വാവ സുരേഷിനെപ്പോലെയാകാനുള്ള ആഗ്രഹമാണ് ചാവരുകാവ് സുരേഷിനെ സൂരജിനൊപ്പം കുടുക്കിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിൻ്റെ യൂട്യൂബ് വീഡിയോയിൽ നിന്ന് നമ്പരെടുത്ത് വിളിച്ചായിരുന്നു സൂരജ് സുരേഷിനെ പരിചയപ്പെട്ടത്. 

സുരേഷിന്റെ മൊഴിയാണ് സൂരജിനെതിരായ പ്രധാന തെളിവ്. പെട്ടി ആട്ടോ ഡ്രൈവറായിരുന്ന സുരേഷിന് പ്രസിദ്ധനാവാൻ അതിയായ ആഗ്രഹമായിരുന്നു. എവിടെ പാമ്പിനെക്കണ്ടെന്ന് പറഞ്ഞാലും ഓടിയെത്തും. പാമ്പുപിടിത്തവും അതിനെവച്ചുള്ള പ്രകടനങ്ങളും ചിത്രീകരിച്ച് യൂട്യൂബിലിടും. ദൂരസ്ഥലങ്ങളിൽ നിന്നും പാമ്പിനെ പിടികൂടാൻ സുരേഷിനെ കൂട്ടിക്കൊണ്ടു പോകാനായി  കാറുമായി ആളുകളെത്തിയിരുന്നു. നല്ല വരുമാനം ലഭിച്ചു തുടങ്ങിയതോടെ ഡ്രൈവിംഗ് ജോലി ഉപേക്ഷിച്ചു.

ഇയാൾ പിടികൂടുന്ന ഇഴജന്തുക്കളെ വീട്ടിൽ സൂക്ഷിക്കുന്നതായി പരാതി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വനംവകുപ്പ് സുരേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലും മൂർഖൻ പാമ്പിനെ കണ്ടെത്തി.

പാമ്പിനെ ആവശ്യപ്പെട്ടായിരുന്നു ആദ്യം സൂരജ് സുരേഷിനെ വിളിച്ചത്. ആദ്യം മൂർഖൻ പാമ്പിനെ ചോദിച്ചു. പാമ്പുകളെക്കുറിച്ചുള്ള ബോധവത്കരണ വീഡിയോ ചിത്രീകരിച്ച് യു ട്യൂബിലിടാനെന്നായിരുന്നു വിശദീകരണം. തുടർ വീഡിയോകളിൽ സുരേഷിനെ ഉൾപ്പെടുത്താമെന്നും പറഞ്ഞു. രണ്ടുമൂന്ന് ദിവസം വിളിച്ചപ്പോൾ സുരേഷ് കൈയിൽ കിട്ടിയ അണലിയെ കൈമാറി. 10,000 രൂപയായിരുന്നു പ്രതിഫലം. അണലിയെ സുരേഷ് സൂരജിന്റെ അടൂരുള്ള വീട്ടിലെത്തിച്ചു കൊടുക്കുകയായിരുന്നു.

അതിനുശേഷം കുറച്ചുനാൾ സൂരജ് വിളിച്ചില്ല. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച സംഭവവും സുരേഷ് അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.  കൊലപാതകത്തിന് മൂന്നാഴ്ച മുമ്പ് സൂരജ് വീണ്ടും വിളിച്ചു. അണലി രക്ഷപ്പെട്ടെന്നും അത് പ്രസവിച്ച് വീട്ടിനടുത്തെല്ലാം കുഞ്ഞുങ്ങളായെന്നും പറഞ്ഞു. അവയെ പിടികൂടാൻ മൂർഖൻ പാമ്പിനെ ആവശ്യപ്പെട്ടായിരുന്നു സൂരജ് വിളിച്ചത്. 

മൂന്നു ദിവസത്തിനുശേഷം സുരേഷ് ഒരു കരിമൂർഖനെ പിടികൂടിയിരുന്നു. കരിമൂർഖനെ കിട്ടിയപ്പോൾ സുരേഷ് സൂരജിനെ വിളിച്ചു. വിലയായി 15,000 രൂപ ആവശ്യപ്പെട്ടു. തർക്കത്തിനൊടുവിൽ 7000 രൂപയ്ക്ക് ഇടപാട് ഉറപ്പിക്കുകയായിരുന്നു. അഞ്ചൽ എനാത്തുവച്ച്‌ പാമ്പിനെ കൈമാറുകയും ചെയ്തു. 

.പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പ് കടിയേറ്റ് മരിച്ച വാർത്ത വായിച്ച സുരേഷ്,​ വിലാസം സൂരജിന്റേതാണെന്ന് തിരിച്ചറിഞ്ഞ് ഫോണിൽ ബന്ധപ്പെട്ടു. പലതവണ വിളിച്ചിട്ടും എടുത്തില്ല. കുറച്ചുനേരത്തിനുശേഷം സൂരജ് തിരികെവിളിച്ച് താൻ പാമ്പിനെ വാങ്ങിയ കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. അതിനിടെ ഫോൺ രേഖകൾ പരിശോധിച്ച ക്രൈം ബ്രാഞ്ച് സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ എല്ലാം വെളിപ്പെടുകയായിരുന്നു.