സൊമാറ്റോയിലൂടെ മദ്യം ഹോം ഡെലിവറി ചെയ്യാൻ ഒഡിഷ സർക്കാരിന്റെ തീരുമാനം

single-img
26 May 2020

രാജ്യമാകെ ലോക്ക് ഡൌൺ നിലവിൽ വന്നതോടെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഝാർഖണ്ഡിന് പിന്നാലെ ഒഡിഷയും മദ്യം വീടുകളിൽ എത്തിക്കുന്നു. സർക്കാരിനായി ഇത് ഏറ്റെടുത്തു ചെയ്യാൻ സൊമാറ്റോ ഒരുങ്ങുന്നു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്നാണ് പദ്ധതിയുടെ തുടക്കം.

അധികം താമസിയാതെ തന്നെ റൂർക്കേല, ബാലസോർ, ബാലങ്കീർ, സമ്പൽപൂർ, ബെർഹാംപുർ, കട്ടക് എന്നിവിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും എന്നാണ് സൂചനകൾ. ഹോം ഡെലിവെറിയിലേക്ക് മാറുന്നതിന്റെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പുമായി ചേർന്ന് ഇതേക്കുറിച്ച് വിശദമായ ചർച്ച നടത്തുകയാണ് നിലവിൽ സൊമാറ്റോ കമ്പനി അധികൃതർ.

സർക്കാർ നിർദ്ദേശ പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിക്കൊണ്ടായിരിക്കും സേവനം ലഭ്യമാക്കുക. ഓർഡർ നൽകി മദ്യം വാങ്ങുന്നയാളിന്റെ വിവരങ്ങളും വാങ്ങുന്ന മദ്യത്തിന്റെ അളവും രേഖപ്പെടുത്തും. വളരെഉത്തരവാദിത്തത്തോടെയുള്ള മദ്യ ഉപഭോഗവും വിൽപ്പനയുമാണ് ലക്ഷ്യമിടുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് സൊമാറ്റോ വൈസ് പ്രസിഡന്റ് രാകേഷ് രഞ്ജൻ നന്ദി അറിയിച്ചു. മാത്രമല്ല, ഈ തീരുമാനം വഴി ഈ മേഖലയിലെ പങ്കാളിത്തം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓർഡർ ചെയ്ത് മദ്യം വാങ്ങുന്നവർ ഇതിനായി ഒരു തിരിച്ചറിയൽ രേഖ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ഇത് പരോശോധിച്ച ശേഷമേ മദ്യം ഓർഡർ ചെയ്യാൻ അനുവാദം നൽകുകയുള്ളൂ. മാത്രമല്ല, ഉൽപ്പന്നത്തിന്റെ കാറ്റഗറികളും നിയന്ത്രിച്ചിട്ടുണ്ട്. സൊമാറ്റോയുടെ നിലവിലെ ആപ്പിൽ സൊമാറ്റോ വൈൻ ഷോപ്പ് എന്ന പേരിൽ പുതിയ സേവനം ലഭ്യമാകും.