റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റത്തിന്‌ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്

single-img
26 May 2020

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ്‌ സിനിമയായിരുന്നു മാസ്റ്റര്‍പീസ്. ഈ സിനിമ കേരളത്തിൽ ഹിറ്റായ പിന്നാലെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷയില്‍ എത്തിയിരുന്നു. ഇപ്പോൾ ഇതാ റഷ്യന്‍ ഭാഷയിലേക്കും മൊഴിമാറ്റത്തിന്‌ ഒരുങ്ങുകയാണ് ചിത്രം. മാത്രമല്ല, മലയാളത്തില്‍ നിന്നും റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ സിനിമ എന്ന ബഹുമതിയും സ്വന്തമാകുകയാണ് ഈ മമ്മൂട്ടി ചിത്രത്തിന്.

നോര്‍വെയിൽ നിന്നുള്ളയ ഫോര്‍ സീസണ്‍ ക്രിയേഷന്‍സാണ് ചിത്രം റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫോര്‍സീസണുമായി റോയല്‍ സിനിമാസ് കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മലയാളത്തിൽ റോയല്‍ സിനിമാസിന്റെ ബാനറില്‍ എഴുത്തുകാരനായ സിഎച്ച് മുഹമ്മദാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.ഉദയ് കൃഷ്ണയായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

കേന്ദ്ര കഥാപാത്രമായ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി, പാഷാണം ഷാജി, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ ഷാജോണ്‍, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂല്‍, ഗോകുല്‍ സുരേഷ് ഗോപി, പൂനം ബജ് വ, ലെന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

2017 ഡിസംബർ മാസത്തിൽ റിലീസായ ചിത്രം രണ്ട് വര്‍ഷത്തിന് ശേഷമാണ് റഷ്യന്‍ ഭാഷയിലേക്ക് മൊഴി മാറ്റുന്നത്. നിലവിൽ മാസ്റ്റര്‍പീസ് അറബിയിലേക്കും മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച പുരോഗമിക്കുന്നതായി നിര്‍മ്മാതാവ് സി.എച്ച് മുഹമ്മദ് അറിയിച്ചു.