അന്താരാഷ്ട്ര നിലവാരത്തിലുള്ള റബർറൈസ്ഡ് റോഡ് നിർമാണം കേരളം പുനരാരംഭിച്ചു

single-img
26 May 2020

ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച പൂർണമായി റബ്ബറൈസ്ഡ് ചെയ്ത് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന അക്കിക്കാവ് – പഴഞ്ഞി – കടവല്ലൂർ റോഡിന്റെയും അക്കിക്കാവ് -തിപ്പലിശ്ശേരി-എരുമപ്പെട്ടി റോഡിന്റെയും നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. നബാർഡ്, കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടു റോഡുകളും നിർമിക്കുന്നത്.

റോഡ് നിർമാണം പുനരാരംഭിച്ചതോടെ അക്കിക്കാവ് മുതൽ എരുമപ്പെട്ടി വരെയുള്ള റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്ന പ്രവൃത്തികൾ പകുതിയോളം പൂർത്തിയായി. വനംവകുപ്പിന്റെ അനുമതി കിട്ടിയതോടെ കഴിഞ്ഞ ആഴ്ചയാണ് ഇതാരംഭിച്ചത്. റോഡിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നേരത്തെ പൂർത്തിയായിരുന്നു. മരങ്ങൾ മുറിച്ചു നീക്കുന്ന നടപടികൾക്കു ശേഷം ഉടൻ മറ്റ് നിർമാണ പ്രവർത്തനങ്ങളും വേഗത്തിൽ ആരംഭിക്കും.

10 കിലോ മീറ്റർ നീളത്തിലുള്ള അക്കിക്കാവ് – കടവല്ലൂർ റോഡിന്റെ നിർമാണത്തിന് 12 കോടി രൂപയും 9.4 കിലോ മീറ്റർ നീളത്തിലുള്ള അക്കിക്കാവ് – എരുമപ്പെട്ടി റോഡിന്റെ നിർമാണത്തിന് 11.99 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. രണ്ട് റോഡുകളുടെയും ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ് ലോക്ക് ഡൗണിനെ തുടർന്ന് നിർമാണ പ്രവൃത്തികൾ നിർത്തിവച്ചത്.

റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ അഞ്ചോളം കൾവെർട്ടറുകൾ പൊളിച്ച് പുതുതായായി നിർമിക്കുന്നുണ്ട്. റോഡ് നിർമാണത്തിന്റെ ഭാഗമായി അയിനൂർ പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ 2 മീറ്റർ ഉയരത്തിൽ മണ്ണിട്ടു നികത്തി. ഇവിടെ ഭിത്തികളുടെ നിർമാണവും പുനരാരംഭിക്കാൻ സാധിച്ചു. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തി വച്ച വൈദ്യുതകാലുകൾ നീക്കുന്ന ജോലികളും ജല അതോറിറ്റിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചു.