എപ്പോഴും അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കാറുണ്ട്; ചെന്നിത്തലയുടെ ബെവ്ക്യൂ ആപ്പ് ആരോപണത്തിൽ മുഖ്യമന്ത്രി

single-img
26 May 2020

കേരളം സർക്കാർ മദ്യ വിതരണത്തിനായി തയ്യാറാക്കുന്ന ബെവ്ക്യൂ ആപ്പുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് ഈ സമയം വിശദീകരണം നല്‍കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എപ്പോഴും അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കാറുണ്ട്. തനിക്ക് ഇപ്പോള്‍ അതിനെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മദ്യം ഓൺലൈൻ രജിസ്റ്റർ ചെയ്ത പ്രകാരം വിൽക്കുമ്പോൾ ബാറുകളിൽ നിന്നുള്ള ഓരോ വില്പനക്കും അൻപത് പൈസ വെച്ച് ആപ്പ് നിർമ്മാതാക്കാളായ ഫെയർ കോഡിന് കിട്ടുന്നുണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ പുതിയ ആരോപണം. ഇത് സാധൂകരിക്കാനായി ബാറുടമകളും ബെവ്കോയും തമ്മിലുള്ള ധാരണപത്രം പുറത്ത് വിട്ടാണ് അദ്ദേഹം ആക്ഷേപം ഉന്നയിക്കുന്നത്.

എന്നാൽ ഇതിന് ബെവ്കോ ഫെയർകോഡിന് നൽകിയ വർക്ക് ഓർഡർ കാണിച്ചാണ് സർക്കാർ മറുപടി പറയുന്നത്. എസ്എംഎസ് അയക്കാനുള്ള നിരക്കായി സർക്കാർ നിശ്ചയിച്ചത് പതിനഞ്ച് പൈസ ആണ്. ഈ തുകയാവട്ടെ ബെവ്കോ ഫെയർ കോഡ് വഴി മൊബൈൽ സേവന ദാതാക്കൾക്കാണ് നൽകുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.