ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് ആറ് മലയാളികൾ

single-img
26 May 2020

ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് ഇന്ന് ആറ് മലയാളികള്‍ മരിച്ചു. അബുദാബിയില്‍ മൂന്ന് പേരും കുവൈറ്റിലും ഖത്തറിലും സൗദിയിലും ഓരോരുത്തരുമാണ് മരിച്ചത്. ഇന്നത്തോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 134 ആയി. ഇതിൽ യുഎഇയില്‍ മാത്രം 82 പേരാണ് മരിച്ചത്. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് വടക്കേപറമ്പ് സ്വദേശി ഇസ്ഹാഖ്, കൊല്ലം അര്‍ക്കന്നൂര്‍സ്വദേശി ഷിബു ഗോപാലകൃഷ്ണന്‍, പത്തനംതിട്ട സ്വദേശി ജയചന്ദ്രന്‍ എന്നിവരാണ് അബുദാബിയില്‍ മരണപ്പെട്ടത്.

കഴിഞ്ഞ രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി (69) യാണ് ഖത്തറില്‍ മരണപ്പെട്ടത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി ദോഹയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.

ആലപ്പുഴ ജില്ലയിൽ പ്രയാര്‍ വടക്ക് സ്വദേശി കൊല്ലശ്ശേരി പടീറ്റത്തില്‍ അബ്ദസ്സലാം ആണ് സൗദിയില്‍ മരിച്ചത്. 4 കോവിഡ് വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു വരികെയായിരുന്നു മരണം. ഇതോടുകൂടി സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 25 ആയി.

കണ്ണൂർ ജില്ലയിലെ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്ത്‌ (62) കുവൈറ്റില്‍ വെച്ചു മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ അദാൻ ആശുപ്രതിയിൽ വെച്ചായിരുന്നു മരണം. വൈറ്റിലെ ഒരു സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായിരുന്നു.