രണ്ടു ദിവസത്തിനുള്ളിൽ രണ്ടു മരണം: കോവിഡിനു മുന്നിൽ പകച്ച് കോഴിക്കോടും സംസ്ഥാനവും

single-img
26 May 2020

കോവിഡ് ബാധിച്ച് രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത്  രണ്ട് മരണം കൂടി ഉണ്ടായതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുകയാണ്.  വയനാട് സ്വദേശിയായ ആമിന മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് തിങ്കളാഴ്ച രാത്രിയാണ് കണ്ണൂര്‍ ധര്‍മടം ബീച്ച് റിസോര്‍ട്ടിനു സമീപം ഫര്‍സാന മന്‍സിലില്‍ ആസിയയും(61) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  മരിച്ചത്. 

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഏപ്രില്‍ 24ന് മരിച്ചിരുന്നു.

2002 മുതല്‍ മസ്തിഷ്‌കാഘാതത്തിന് ചികിത്സയിലുള്ള ആസിയ ഒരു മാസമായി തലശേരി സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. 17ന് സ്വകാര്യ ആശുപത്രിയിലെത്തിയ ഇവരെ കോവിഡ് ലക്ഷണത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ ആരോഗ്യ സ്ഥിതി മോശമായി.  

അതേസമയം ഇവര്‍ക്ക് കോവിഡ് പിടിപെട്ടത് എവിടെനിന്നെന്ന്  വ്യക്തതയില്ല.   ഭര്‍ത്താവും മക്കളുമടക്കം  ഏഴുപേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. പ്രാഥമിക സമ്പര്‍ക്കമുണ്ടായ അറുപതോളം പേര്‍ നിരീക്ഷണത്തിലാണ്.

അര്‍ബുദ ചികിത്സക്കായി ദുബായില്‍നിന്ന് എത്തിയ കല്‍പ്പറ്റ സ്വദേശിനി ആമിന(53) ഞായറാഴ്ചയാണ് മരിച്ചത്.   കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആമിനയെ  കോവിഡ് ബാധയെ തുടര്‍ന്ന്  കഴിഞ്ഞ  ദിവസമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 2017 മുതല്‍  ഇവര്‍ അര്‍ബുദ ചികിത്സയിലായിരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.