ആലുവയിൽ സിനിമാ സെറ്റ് തകര്‍ത്ത സംഭവം; മൂന്ന് പേര്‍ കൂടി പിടിയില്‍
ടോവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി സിനിമയുടെ ആലുവയിലെ ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. സിനിമയുടെ സെറ്റ് ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊളിച്ച് നീക്കിയത്. കേസിൽ കഴിഞ്ഞ ദിവസം രണ്ട് പേര്‍ പോലീസ് പിടിയിലായിരുന്നു.
കേസിലെ പ്രധാന പ്രതിയായ എഎച്ച്പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരാണ് ഇന്നലെ പിടിയിലായത്. പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ബാക്കിയുള്ള ആറ് പേരെ ഇനി പിടികൂടാനുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരെ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിയന്ത്രണങ്ങളുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും പ്രതികളെ ഹാജരാക്കുക. തുടർന്ന് പ്രതികളെ ഇന്ന് റിമാന്‍റ് ചെയ്യും.
അന്വേഷണത്തിനായി എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിനിര്‍മിച്ച സെറ്റാണ് അക്രമികൾ പൊളിച്ച് നീക്കിയത്.