10 വര്‍ഷം നെറ്റ്‌സില്‍ പന്തെറിഞ്ഞിട്ടും ഒരിക്കൽ പോലും പുറത്താക്കാൻ സാധിക്കാത്ത ബാറ്റ്‌സ്മാൻ; അക്തർ പറയുന്നു

single-img
26 May 2020

കളിക്കുന്ന സമയം ലോകത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ബൗളറെന്ന ലോക സ്വന്തമായ അക്തർ തന്റെ കരിയറിൽ 10 വര്‍ഷത്തോളം ബൗള്‍ ചെയ്തിട്ടും ഒരുതവണ പോലും പുറത്താക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു താരമുണ്ടെന്ന് വെളിപ്പെടുത്തി. ആ ഒരാൾ തന്റെ മുന്‍ ടീമംഗം കൂടിയാണെന്നും അക്തര്‍ പറയുന്നു. പാകിസ്താന്റെ മുൻ നായകനും ഇതിഹാസ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ ഇന്‍സമാമുള്‍ ഹഖാണ് ഒരിക്കല്‍പ്പോലും തനിക്ക് പുറത്താക്കാന്‍ കഴിയാതിരുന്ന താരമെന്ന് അക്തര്‍ പറയുന്നു.

ഓസീസ് താരമായ ബ്രെറ്റ് ലീയെപ്പോലെയല്ല, അതിനേക്കാൾ കുറേക്കൂടി സങ്കീര്‍ണമായ ബൗളിങ് ആക്ഷനായിരുന്നു തന്റേത്. എന്നിട്ടുപോലും 10 വര്‍ഷം നെറ്റ്‌സില്‍ പന്തെറിഞ്ഞിട്ടും ഇന്‍സിയെ ഒരു തവണ പോലും ഔട്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റുള്ള ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ഒരു സെക്കന്റ് വേഗത്തില്‍ തന്റെ പന്ത് മനസ്സിലാക്കാന്‍ ഇന്‍സിക്ക് അനായാസം സാധിച്ചിരുന്നതായും അക്തര്‍ അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ, ഇന്ത്യയുടെ മുന്‍ ഇതിഹാസ താരവും വന്മതിൽ എന്ന് അറിയപ്പെടുകയും ചെയ്ത രാഹുല്‍ ദ്രാവിഡ് എന്നിവരെ അക്തര്‍ പ്രശംസിച്ചു. മാര്‍ട്ടിന്‍ ക്രോ ആണെങ്കിൽ തനിക്കെതിരേ നന്നായി ബാറ്റ് ചെയ്തിരുന്ന താരങ്ങളിലൊരാളായിരുന്നു. ഇന്ത്യയുടെ താരങ്ങളില്‍ രാഹുല്‍ ദ്രാവിഡായിരുന്നു തന്നെ നേരിടാന്‍ കൂടുതല്‍ കേമന്‍.

ആക്രമണപരമായ ഷോട്ട് കളിച്ചില്ലെങ്കില്‍ ദ്രാവിഡിന്റെ പ്രതിരോധം ഭേദിക്കാന്‍ തനിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസും തനിക്കെതിരേ മികച്ച പ്രകടനം നടത്തിയിട്ടുള്ള ബാറ്റ്‌സ്മാനായിരുന്നുവെന്നും അക്തര്‍ പറയുന്നു.