76 യാത്രക്കാരുമായി ഹൈദരാബാദിലേക്ക്പറന്ന എയര്‍ ഏഷ്യ വിമാനത്തിന് ഇന്ധനചോര്‍ച്ച; അടിയന്തര ലാന്‍ഡിംഗ് നടത്തി

single-img
26 May 2020

76 യാത്രക്കാരുമായി ഇന്ന് ജയ്പുരില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്ന എയര്‍ ഏഷ്യ ഐ51543 വിമാനം ഇന്ധന ചോര്‍ച്ചയെ തുടർന്ന് ഉച്ചയോടെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. ഉച്ചയ്ക്ക് ഏകദേശം 1.25ന് വിമാനം സുരക്ഷിതമായി ഇറങ്ങുകയായിരുന്നു.

വിമാനത്തിൽ നിന്നും ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ഒരു എഞ്ചിന്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പ്രവര്‍ത്തനം ഓഫാക്കിയ ശേഷമാണ് എയര്‍ബസ് എ320 ജറ്റ് ലാന്‍ഡ് ചെയ്തത് എന്ന് കമ്പനി അറിയിച്ചു. ചോര്‍ച്ച പൈലറ്റ് അറിയിച്ചതോടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി ഇറങ്ങുന്നത് വരെ വിമാനത്താവളത്തിലെ മറ്റ് പ്രവര്‍ത്തനങ്ങളെല്ലാം താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു.

എയര്‍ ഏഷ്യ ഇന്ത്യ- ഐ 51543 എന്ന വിമാനത്തില്‍ സാങ്കേതിക തകരാര്‍ മൂലം മുന്‍കരുതല്‍ എന്ന നിലയില്‍ ഒരു എഞ്ചിന്‍ ഓഫ് ചെയ്യേണ്ടി വന്നു എന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിഷയത്തിൽ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം നടത്തുമെന്ന് അറിച്ചിട്ടുണ്ട്. യാത്രികരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയതെന്നാണ് എയര്‍ ഏഷ്യ നൽകുന്ന വിശദീകരണം.