ഉത്രയുടെ കൊലപാതകം: പ്രതികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു

single-img
25 May 2020

കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിനി ഉത്രയുടെ കൊലപാതകത്തിൽ പ്രതികളെ നാല് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് സൂരജിനെയും പാമ്പുപിടുത്തക്കാരൻ സുരേഷിനെയും പുനലൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കൂടുതൽ പ്രതികൾ ഉണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വിട്ടത്. അതേസമയം ഇന്ന് രാവിലെ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തിരുന്നു.

ആരെയും അറിയിക്കാതെയായിരുന്നു തെളിവെടുപ്പിനായി പോലീസ് എത്തിയത്. ഏകദേശം ഒന്നര മണിക്കൂർ നീണ്ട തെളിവെടുപ്പിനിടെ വീടിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രവും കണ്ടെടുത്തു. ഇനി കസ്റ്റഡിയിൽ വിട്ട പ്രതികളെ വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.

നിലവിൽ സൂരജിനും കുടുംബത്തിനുമെതിരെ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോടതി നിർദ്ദേശ പ്രകാരം ഉത്രയുടെ ഒന്നര വയസുകാരനായ മകനെ ഭർതൃവീട്ടിൽ നിന്നും ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറും.