വിമാന സർവീസുകളിലും സാമൂഹിക അകലം പാലിക്കണം: സുപ്രീം കോടതി

single-img
25 May 2020

യാത്രാ വിമാനങ്ങളിലും മധ്യഭാ​ഗത്തെ സീറ്റുകൾ ഒഴിച്ചിട്ട് സാമൂഹിക അകലം പാലിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്ത് ആഭ്യന്തര വിമാനസർവ്വീസുകൾ ആരംഭിച്ചപ്പോൾ യാത്രക്കാർക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടാത്തതിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു.

നമ്മുടെ സമൂഹത്തിലെ മറ്റെല്ലാ സ്ഥലങ്ങളിലും ആവാമെങ്കിൽ വിമാനത്തിൽ എന്തുകൊണ്ട് സാമൂഹിക അകലം പാലിച്ചു കൂടാ എന്ന് കോടതി ഉത്തരവിൽ ചോദിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും യാത്രക്കാരുമായി എത്തുന്ന എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാര്‍ക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടണമെന്നുള്ള മുംബൈ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

നിലവിൽ യാത്രക്കാർക്ക് ടിക്കറ്റുകൾ വിതരണം ചെയ്ത സാഹചര്യത്തിൽ ഇനിയുള്ള പത്ത് ദിവസത്തേക്ക് മുംബൈ ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ടതില്ല. പക്ഷെ പിന്നീട് വിമാനയാത്രകളിൽ മധ്യഭാ​ഗത്തെ സീറ്റുകൾ ഒഴിച്ചിട്ടേ മതിയാവൂ എന്നും സുപ്രീം കോടതി പറഞ്ഞു.

യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ മാസ്കിന് പുറമെ ഫേസ് ഷീൽഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ സാധനങ്ങൾ വിമാന കമ്പനികൾ വിതരണം ചെയ്യും. അപൂർവമായി പിപി ഇ കിറ്റുകൾ ധരിച്ചും യാത്രക്കാര്‍ എത്തുന്നുണ്ട്. ലോക്ക് ഡൌൺ നിലവിൽ വന്ന ശേഷം രാജ്യത്ത് 62 ദിവസത്തിന് ശേഷമാണ് ആഭ്യന്തര യാത്രക്കാര്‍ക്കായി വിമാനത്താവളങ്ങൾ തുറന്നത്. കഴിഞ്ഞ ദിവസം ദില്ലിയിൽ നിന്നുള്ള 82 വിമാനങ്ങൾ യാത്രക്കാർ ഇല്ലെന്ന് പറഞ്ഞ് റദ്ദാക്കിയത് ആശയക്കുഴപ്പത്തിനിടയാക്കുകയായിരുന്നു.