പാമ്പിനെ എടുത്ത് ഉറങ്ങി കിടന്ന ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ടതായി സൂരജ്; കൊലപാതകത്തിലെ ദുരൂഹതകൾ നീക്കി ക്രൈം ബ്രാഞ്ച്

single-img
24 May 2020

കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിനി ഉത്രയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിന്റേയും പാമ്പ് പിടുത്തക്കാരനായ സുരേഷിന്റേയും അറസ്റ്റ് രേഖപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഉത്രയുടെ മരണത്തിൽ പ്രഥമദൃഷ്ടിയില്‍ തന്നെ ദുരൂഹത ഉണ്ടായിരുന്നുവെന്നും കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.

ഭർത്താവ് ഉത്രയെ ആദ്യം ഭര്‍തൃവീട്ടില്‍ വെച്ച് അണലിയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു. ഈ ശ്രമം വിജയിച്ചു എങ്കിലും ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയ്ക്ക് ശേഷം പിന്നീട് ആശുപത്രി വിട്ടപ്പോൾ വീണ്ടും ശ്രമം നടത്തി എന്നതിനാൽ കേസ് വളരെ വിചിത്രമെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. ഹോസ്പിറ്റലിൽ നിന്നും ഉത്ര ഡിസ്ചാര്‍ജ് ചെയ്ത് സ്വന്തം വീട്ടിലെത്തിയ ശേഷംരണ്ടാം നാള്‍ ഭർത്താവ് വീണ്ടും മൂര്‍ഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു.

കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത സൂരജ് ഉത്രയുടെ വീട്ടിലെത്തി കട്ടിലിനടിയില്‍ ബാഗ് വെക്കുകയും ഇതിനുള്ളിൽ ഡപ്പയിലാക്കി ഒരു മൂര്‍ഖനെയും സൂരജ് സൂക്ഷിക്കുകയും ചെയ്തിരുന്നു. രാത്രിയിൽ ഇവർ ഒരുമിച്ചു കിടക്കുകയും ഉത്ര ഉറങ്ങിയ ശേഷം ബാഗില്‍ നിന്ന് പാമ്പിനെ എടുത്ത് ശരീരത്തിലേക്ക് കുടഞ്ഞിടുകയുമായായിരുന്നു. ശരീരത്തിൽ വീണ പാമ്പ് ഉത്രയെ രണ്ട് തവണ കടിക്കുന്നത് കട്ടിലില്‍ ഇരുന്ന് തന്നെ സൂരജ് നോക്കി കണ്ടു. സംഭവ ശേഷം പാമ്പിനെ ഡപ്പയിലാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇയാൾ പാമ്പ് പിടിത്തത്തില്‍ വിദഗ്ധനും താല്‍പ്പരനുമാണ്.

ഉത്രയെ സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നും ഇവരുമായി ബന്ധം തുടരാന്‍ സൂരജിന് താല്‍പ്പര്യമില്ലായിരുന്നെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. താൻകല്ലുവാതുക്കലില്‍ നിന്ന് പണം കൊടുത്താണ് പാമ്പിനെ വാങ്ങിയതെന്നും സൂരജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.