അന്വേഷണ സംഘത്തെ സഹായിച്ചത് ഉത്രയുടെ ഫോൺ കോൾ വിവരങ്ങള്‍; സൂരജിന്റെ ബന്ധങ്ങളിലേക്ക്‌ അന്വേഷണം എത്തിയത് ഇങ്ങിനെ

single-img
24 May 2020

കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഉത്ര എന്ന യുവതി ഭര്‍ത്താവിന്റെ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിന് തുണയായത് ഉത്രയുടെ തന്നെ ഒരു ഫോണ്‍ കോള്‍. അവസാന ആറ് മാസമായി ഉത്രയുടെ ഭര്‍ത്താവ് സൂരജ് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിയില്‍ ആരോപിച്ചിരുന്നു.

സൂരജിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ പാമ്പുമായി ചില സ്നേഹിതര്‍ എത്തിയിരുന്നവെന്നും ഇവരുടെ അടുക്കല്‍ നിന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തിരുന്നുവെന്നും ഉത്ര അച്ഛനോടും അമ്മയോടും ഫോണില്‍ പറഞ്ഞിരുന്നു. ഇത് പോലീസിന് മൊഴിയായി ലഭിച്ചതോടെയാണ് പാമ്പ് പിടിത്തക്കാരും സൂരജും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ സംഘം ഇറങ്ങിത്തിരിച്ചത്. മരണപ്പെട്ട ഉത്രയെ സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.