സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന ട്രെയിന്‍ അനുവദിക്കും: റെയില്‍വേ

single-img
23 May 2020

രാജ്യത്തെ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന ട്രെയിനുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ. ഇപ്പോള്‍ അനുവദിക്കപ്പെട്ട ശ്രമിക് ട്രെയിനുകള്‍ക്ക് പുറമെ ജൂണ്‍ ഒന്നുമുതല്‍ 200 എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുമെന്നും ഇതിലേക്കുള്ള യാത്രക്കാരുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും റെയില്‍വേ ചെയര്‍മാന്‍ വി കെ യാദവ് അറിയിച്ചു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് 2600 ശ്രമിക് ട്രെയിനുകളാണ് ഓടിക്കുന്നത്.

ഇതുവഴി ഏകദേശം 36 ലക്ഷം യാത്രക്കാരെ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. അതേപോലെ പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കുന്നതും പരിഗണനയിലുണ്ട്. മേയ് മാസംമാത്രം ഇതുവരെ 35 ലക്ഷം പേരെ ശ്രമിക് ട്രയിനുകളില്‍ വിവിധ സംസ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഓടുന്ന ശ്രമിക് ട്രെയിന്‍ യാത്രയുടെ 85% കേന്ദ്രവും 15% സംസ്ഥാനങ്ങളുമാണ് വഹിച്ചതെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി. യാത്രചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ശ്രമിക് ട്രെയിനുകളില്‍ ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന പരാതി പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.