പാമ്പുകടിയേറ്റ് ഉത്ര മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്: ഭര്‍ത്താവ് സുരാജ് വിഷപ്പാമ്പുകളെ കുറിച്ച് യു ട്യൂബില്‍ തെരച്ചില്‍ നടത്തിയിരുന്നു

single-img
23 May 2020

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റതിനെ തുടര്‍ന്ന മരണമടഞ്ഞ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ നിര്‍ണ്ണായകമായ തെളിവുകള്‍ കണ്ടെത്തിയെന്ന് സൂചന. മരണമടഞ്ഞ ഉത്രയുടെ ഭര്‍ത്താവ് സുരാജ് വിഷപ്പാമ്പുകളെ കുറിച്ച് യു ട്യൂബില്‍ തെരച്ചില്‍ നടത്തിയതായിട്ടാണ് പുതിയതായി കണ്ടെത്തിയത്.

മാര്‍ച്ച് 2 നായിരുന്നു ഉത്രയെ ആദ്യം പാമ്പു കടിച്ചത്. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് ഒപ്പം ചികിത്സയ്ക്കായി വീട്ടില്‍ കഴിയുമ്പോള്‍ മെയ് 7 നായിരുന്നു വീണ്ടും പാമ്പുകടിയേറ്റ് മരണമടഞ്ഞ നിലയില്‍ ഉത്രയെ കണ്ടെത്തിയത്. 

ശീതീകരിച്ച മുറിയിലായിരുന്നു രണ്ടാമത് പാമ്പുകടിയേറ്റപ്പോള്‍ ഉത്ര കിടന്നുറങ്ങിയത്. അന്ന് മുറിയുടെ ജനാല തുറന്നായിരുന്നു കിടന്നത് എന്നാണ് സുരാജ് നല്‍കി മൊഴി. തുറന്നിട്ട ജനാലയിലൂടെയായിരിക്കാം പാമ്പു അകത്തു വന്നതെന്നാണ് പോലീസ് കരുതിയിരുന്നത്. എന്നാല്‍ എസിയുള്ള മുറിയില്‍ ജനാല തുറന്നിട്ടു എന്ന സുരാജിന്റെ മൊഴിയില്‍ പോലീസിന് സംശയം തോന്നിയിരിക്കുകയാണ്.

മകളെ സൂരാജ് കൊലപ്പെടുത്തിയതാണ് എന്ന കാണിച്ച് മാതാപിതാക്കള്‍ അഞ്ചല്‍ സിഐ യ്ക്ക് നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. ഉത്രയുടെ ഒന്നര വയസ്സുള്ള മകനെ സുരാജെത്തി കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.