പിഴവുകള്‍ തിരുത്തി ബിവ് ക്യൂ ആപ്പ്; മദ്യം വാങ്ങാന്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി

single-img
23 May 2020

തിരക്ക് നിയന്ത്രിക്കാനും സാമൂഹിക അകലം പാലിക്കാനുമായി വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യവില്‍പനക്ക് ബെവ്കോ പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെയാണ് മദ്യവില്‍പന. ഒരാള്‍ ആപ്പിലൂടെ ബുക്ക് ചെയ്ത് ഒരു തവണ മദ്യം വാങ്ങിയാല്‍ പിന്നെ ‍ നാല് ദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാന്‍ കഴിയൂ.

മുന്‍പ് ഉണ്ടായിരുന്ന പിഴവുകള്‍ തിരുത്തി ബെവ് ക്യൂ ആപ്പ് വീണ്ടും ഗൂഗിളിൽ അപ്‍ലോഡ് ചെയ്തു. സംസ്ഥാനത്തെ മദ്യവില്‍പ്പനയ്ക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബെവ്കോ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. അതേപോലെ തന്നെ മദ്യശാലകളില്‍ കൌണ്ടറിന് സമീപം അഞ്ച് പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. ഓരോരുത്തരും തമ്മില്‍ കുറഞ്ഞത് ആറടി വീതം അകലം വേണം. ബുക്ക് ചെയ്ത ടോക്കണ്‍ ലഭിക്കാത്തവരെ കൌണ്ടറിന് സമീപത്തേക്ക് അയക്കില്ല.

ബുക്ക് ചെയ്‌താല്‍ ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം വരെയാണ് ഒരു സമയം വാങ്ങാന്‍ കഴിയുക. മദ്യം വാങ്ങാന്‍ വരുന്നവരെ എല്ലാം തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിക്കും. ആര്‍ക്കെങ്കിലും രോഗലക്ഷണം കാണിച്ചാല്‍ കൌണ്ടറിലേക്ക് കടത്തി വിടില്ല. നിലവില്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക്എസ്എംഎസ് വഴിയും മദ്യം ബുക്ക് ചെയ്യാന്‍ കഴിയും. ഓണ്‍ ലൈനില്‍ മദ്യം ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡുമായി അനുവദിക്കപ്പെട്ട സമയത്ത് ചെന്നാല്‍ പണം നല്‍കി മദ്യം വാങ്ങാന്‍ കഴിയും. ഇനി ഗൂഗിളിൻറെ അനുമതി കിട്ടിയാൽ സെക്യൂരിറ്റി, ലോഡിങ് പരിശോധനകൾക്ക് ശേഷം ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാകും