കെട്ടിടങ്ങളിലേക്ക് പതിക്കുന്ന വിമാനം, പിന്നാലെ കറുത്ത പുക: കറാച്ചിയില്‍ 97 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്

single-img
23 May 2020

പാകിസ്താനിലെ കറാച്ചിയില്‍ ഇന്നലെ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 97 ആയി. മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രണ്ടുപേര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്.  ലാഹോറില്‍ നിന്നുള്ള വിമാനത്തില്‍ 91 യാത്രക്കാരടക്കം 99 പേരുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു.

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) എയര്‍ബസ് എ-320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിലാണ് തകര്‍ന്നുവീണത്. മാലിറിലെ ജിന്ന ഗാര്‍ഡന്‍ പ്രദേശത്തെ മോഡല്‍ കോളനിയിലാണ് വീണത്.

പാകിസ്താന്‍ വിമാനം തകര്‍ന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പൈലറ്റ് അയച്ച അവസാന സന്ദേശത്തില്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിമാനം കെട്ടിടങ്ങളിലേക്ക് വന്നുപതിച്ചയുടന്‍ ഉഗ്രസ്‌ഫോടനമുണ്ടായി. സെക്കന്‍ഡുകള്‍ക്കകം വായുവില്‍ കറുത്ത പുക ഉയര്‍ന്നു. വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 11 നാട്ടുകാര്‍ക്കും പരിക്കേറ്റു. 

തകര്‍ന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്റിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു.സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെത്തുടര്‍ന്ന് കറാച്ചി വിമാനത്താവളം അടച്ചു.