കറാച്ചിയിൽ ഇന്നലെ തകർന്നു വീണത് ചെെന വർഷങ്ങളോളം പറത്തി പഴഞ്ചനായതിനെ തുടർന്ന് പാകിസ്താന് നൽകിയ വിമാനം

single-img
23 May 2020

കഴിഞ്ഞ ദിവസം കറാച്ചിയിൽ തകർന്നു വീണ വിമാനം പത്ത് വർഷത്തോളം ചൈന ഉപയോഗിച്ചത്. വിമാനത്തിന്റെ പഴക്കവും അമിത ഉപയോഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എയർബസ് എ320 ആണ് ഇന്നലെ കറാച്ചി എയർപോർട്ടിനു സമീപം ജനവാസ കേന്ദ്രത്തിൽ ലാൻഡിംഗിനു തൊട്ടുമുൻപ് തകർന്നുവീണത്.

ഉപയോഗിച്ചു പഴകിയ വിമാനം ചൈന പാകിസ്താന് വിൽക്കുകയായിരുന്നു. 2004 മുതൽ 2014 വരെ ചൈന ഈസ്റ്റേൺ എയർലൈൻസായിരുന്നു വിമാനത്തിന്റെ ഉടമസ്ഥർ. അതിനുശേഷമാണ് പാകിസ്താന് അന്താരാഷ്ട്ര സർവീസിനായി വിമാനം വിറ്റത്. രേഖകൾ പ്രകാരം 2019 നവംബർ ഒന്നിനാണ് അവസാനമായി വിമാനം സാങ്കേതിക വിദഗ്ധർ പരിശോധിച്ചത്. ഏപ്രിൽ 28ന് പാക് എയർലൈസിന്റെ ചീഫ് എൻജിനീയർ വിമാനം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സുരക്ഷ സംവിധാനങ്ങൾ മികച്ചതാണെന്നുമുള്ള പ്രത്യേക സർട്ടിഫിക്കറ്റും നൽകിയിരുന്നു. 

കഴിഞ്ഞ ദിവസം ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡൽ വില്ലേജിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. കറാച്ചിയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടു മുൻപു വിമാനം തകർന്നു വീണത് എൻജിൻ തകരാർ മൂലമെന്നാണ് പൈലറ്റിന്റെ അവസാന സന്ദേശം നൽകുന്ന സൂചന. വിമാനം കെട്ടിടത്തിലേക്ക് വന്നു പതിച്ച് ഉഗ്ര സ്‌ഫോടനം ഉണ്ടായി. സെക്കന്റുകൾക്കകം വായുവിൽ കറുത്ത പുക ഉയരുകയായിരുന്നു. സമീപത്തെ വീടിന്റെ മേൽക്കൂരയിൽ ഘടിപ്പിച്ച സി.സി.ടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.