കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയം; ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കില്ല എന്ന് മഹാരാഷ്ട്ര

single-img
23 May 2020

കേന്ദ്ര സർക്കാർ പറയുന്നത് പോലെ വരുന്ന തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നറിയിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തില്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന മെയ് 31 വരെ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് വിമാനസര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്നും തീരുമാനം ഏകപക്ഷീയമാണെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ സംസ്ഥാനത്തെ ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുകളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിന് സമയം ആവശ്യമാണെന്നും എയര്‍പോര്‍ട്ടിന്‍റെ വെളിയില്‍ എല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ മാസം 25 മുതല്‍ ഇന്ത്യ ആഭ്യന്തര വിമാന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി വ്യഴാഴ്ച അറിയിച്ചിരുന്നു. ഈ സമയം തന്നെ മഹാരാഷട്രയും തമിഴ്‌നാടും ആശങ്ക അറിയിച്ചിരുന്നെങ്കിലും വിമാന സര്‍വീസ് തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.