വിമാനക്കൊള്ളയ്ക്കു മൂക്കുകയർ: വിമാന നിരക്കുകൾ ഇനി കേന്ദ്രസർക്കാർ നിശ്ചയിക്കും

single-img
22 May 2020

രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെ, യാത്രാ നിരക്കുകൾ കേന്ദ്ര സർക്കാർ നിശ്ചയിക്കുമെന്നു റിപ്പോർട്ടുകൾ.  കൊവിഡ് കാലത്ത് വിമാന കമ്പനികൾ തോന്നുംപടി യാത്രാനിരക്ക് ഈടാക്കുന്നതു തടയാനാണ് കേന്ദ്രസർക്കാർ ഇടപെടൽ നടത്തുന്നത്.  വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസരിച്ച് അടുത്ത മൂന്നു മാസത്തേക്ക് ഏറ്റവും കൂടിയതും കുറഞ്ഞതുമായ നിരക്കുകളാണ് കേന്ദ്രം നിശ്ചയിക്കുക. 

ആകെ വിമാന ഷെഡ്യൂളിന്റെ മൂന്നിലൊന്ന് ആഭ്യന്തര സർവീസുകളാണ് 25 ന് ആരംഭിക്കുക.മാത്രമല്ല ആഭ്യന്തര വിമാന സര്‍വീസുകളില്‍ സാമൂഹിക അകലമുണ്ടാകില്ല; സാമൂഹിക അകലം പാലിച്ചാൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം അന്താരാഷ്ട്ര സർവീസുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഓരോ റൂട്ടിലെയും യാത്രാസമയവും റൂട്ടിന്റെ പ്രത്യേകതയും കണക്കിലെടുത്താകും നിരക്ക്. അമിത തുക ഈടാക്കുന്നത് തടയാൻ ആഗസ്റ്റ് 24 വരെയുള്ള ടിക്കറ്റ് നിരക്കിന് നിബന്ധനകൾ (ക്യാപിംഗ് ) ബാധകമാക്കി. ഇതിനായി റൂട്ടുകളെ സമയദൈർഘ്യമനുസരിച്ച് ഏഴ് വിഭാഗങ്ങളായി തിരിക്കും. 30 മിനിട്ട് മുതൽ പരമാവധി മൂന്നര മണിക്കൂർ വരെ വേണ്ടുന്ന സർവീസുകളാണ് അനുവദിക്കുക. ഇതനുസരിച്ച് വേനൽക്കാല ഷെഡ്യൂൾ നിശ്ചയിക്കാൻ വിമാന കമ്പനികൾക്ക് നിർദേശം നൽകി. ഉ‌ഡാൻ സർവീസുകൾക്ക് ഇത് ബാധകമല്ല.

പുതുക്കിയ മാനദണ്ഡമനുസരിച്ച് ആകെ സീറ്റുകളിൽ 40 ശതമാനത്തിലും സർക്കാർ നിശ്ചയിക്കുന്ന പരിധിക്കകത്തെ നിരക്കു മാത്രമെ ഈടാക്കാനാകൂ. നിലവിലെ നിരക്കിന്റെ പകുതിയോടടുത്ത തുകയാകും ഇതെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഡൽഹി- മുംബൈ റൂട്ടിലെ കുറഞ്ഞ നിരക്ക് 3500 രൂപയും കൂടിയത് 10,​000 രൂപയും ആയിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.