ഹോങ്കോങ്ങിനെ സംരക്ഷിക്കുന്നതിനായി അമേരിക്ക- പിടിമുറുക്കാന്‍ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ചൈന, വീണ്ടും പോർ വിളി

single-img
22 May 2020

ഹോങ്കോങ്: കഴിഞ്ഞ വര്‍ഷം ജനാധിപത്യവാദികളുടെ സമരത്താല്‍ കലാപ കലുഷിതമായിരുന്ന ഹോങ്കോങ്ങില്‍ പുതിയ ദേശീയ സുരക്ഷാ നിയമം ചൈന നടപ്പിലാക്കാനൊരുങ്ങുന്നു. ഹോങ്കോങ്ങിന് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ചൈന ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടികളുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവെക്കാതെയാണ് ചൈനയുടെ നീക്കം.

ചൈനയുടെ നടപടിക്ക് പിന്നാലെ ഒരിടവേളയ്ക്ക് ശേഷം ഹോങ്കോങ്ങില്‍ വീണ്ടും പ്രതിഷേധം തലപൊക്കി തുടങ്ങി. 1997ല്‍ പ്രദേശം ബ്രിട്ടീഷുകാര്‍ ചൈനയ്ക്ക് വിട്ടുനല്‍കിയതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ പ്രക്ഷോഭം നടന്നത് 2019ലായിരുന്നു. ചൈനയില്‍ എവിടെയും ലഭിക്കാത്ത പ്രത്യേക അവകാശങ്ങള്‍ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിലെ ജനതയ്ക്ക് ലഭിക്കുന്നുണ്ട്. പ്രദേശത്തിന് മേല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്താന്‍ ചൈന ശ്രമിച്ചപ്പോഴൊക്കെ അവിടെ പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ട്.

അതേസമയം പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് വിശദീകരിക്കുമെന്നാണ് ചൈനീസ് നിയമനിര്‍മാണ സഭയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്പീക്കര്‍ ഴാങ് യെസുയി വ്യക്തമാക്കിയിട്ടുണ്ട്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം വെള്ളിയാഴ്ച ചേരുമെന്നും അദ്ദേഹം അറിയിച്ചു.നിലവിലെ സാഹചര്യത്തില്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അതിന്റെ നിയമ നിര്‍മാണ അധികാരം വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയുടെ നീക്കം എന്താണെന്ന് വ്യക്തമല്ലെന്നും എന്നാല്‍ വ്യക്തമായാല്‍ അതിനോട് ഉചിതമായി പ്രതികരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോങ്കോങ്ങിന്റെ സ്വയംഭരണം സംരക്ഷിക്കുന്നതിനായി അമേരിക്ക ഒരു നിയമം കൊണ്ടുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.