കൊവിഡ് കാലത്തെ മടക്കയാത്ര; 104 റഷ്യൻ ടൂറിസ്റ്റുകൾ യാത്ര തിരിച്ചു

single-img
22 May 2020

തിരുവനന്തപുരം: അങ്ങനെ ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ അവർ നാട്ടിലേക്ക്. 104 റഷ്യൻ ടൂറിസ്റ്റുകളാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തു നിന്ന് മോസ്കോയിലേക്ക് യാത്ര തിരിച്ചത്. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് കുടുങ്ങിപ്പോയവരാണ് ഇവർ.

കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് റോയല്‍ ഫ്‌ളൈറ്റ് എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. കൊല്‍ക്കത്ത, യെക്കത്രിന്‍ബര്‍ഗ് വഴിയാണ് വിമാനം മോസ് കോയിലെത്തുക. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്ന 75 പേരോടൊപ്പം ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 29 പേരും തിരികെ പോയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരത്തെ റഷ്യന്‍ ഓണററി കോണ്‍സല്‍ രതീഷ് സി നായരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്. വിമാനത്തില്‍ കയറുന്നതിനു മുമ്ബ് എല്ലാ യാത്രക്കാരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിരുന്നു.

ലോക് ഡൗണിൽ കുടുങ്ങിയ 2500 ഓളം വിദേശ പൗരന്‍മാരാണ് കേരളത്തില്‍ നിന്നും ഇതിനോടകം മടങ്ങിയത്. ഇതില്‍ ജര്‍മ്മനി (232), യുകെ(268), ഫ്രാന്‍സ്(112), സ്വിറ്റ്‌സര്‍ലാന്റ്(115) എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്‍മാരും ഉള്‍പ്പെടും.