ഉംപുൺ ചുഴലിക്കാറ്റിൻ്റെ സംഹാരതാണ്ഡവം: മരണസംഖ്യ 14 ആയി

single-img
21 May 2020

കനത്ത നാശം വിതച്ച് ആഞ്ഞടിക്കുന്ന ഉംപുണ്‍ ചുഴലിക്കാറ്റിൽ പശ്ചിമബംഗാളില്‍ 12 പേര്‍ മരിച്ചു. ഒഡീഷയില്‍ രണ്ടു പേരും മരിച്ചതോടെ മരണസംഖ്യ 14 ആയി.ബംഗാളിലെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് മമത. 

ചുഴലിക്കാറ്റില്‍ 5500 ഓളം വീടുകള്‍ തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് വൈദ്യുതബന്ധം താറുമാറായി. റോഡ് ഗതാഗതം അടക്കം നിലച്ചിരിക്കുകയാണ്. ബംഗാളില്‍ കനത്ത കാറ്റും മഴയും  തുടരുകയാണ്. ഒഡീഷയിലെ പാരദ്വീപില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറിയതോടെ കനത്ത ജാഗ്രതയിലാണ് പശ്ചിമബംഗാള്‍. സംസ്ഥാനത്ത് അഞ്ച്  ലക്ഷം പേരെ ഒഴിപ്പിച്ചതായി ദേശിയ ദുരന്ത നിവാരണ സേന അറിയിച്ചു.

ബംഗാളില്‍ ഇന്നു രാവിലെ വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള അവശ്യ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബം?ഗാളിലും ഒഡീഷയിലുമായുള്ളത്.  രക്ഷാ പ്രവര്‍ത്തനത്തിനായി നാവിക സേനയുടെ 20 സംഘങ്ങളും രംഗത്തുണ്ട്.